ന്യൂഡൽഹി : സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്, റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ . ഒക്ടോബർ 10 വരെ സർവീസുകൾ റദ്ദാക്കി റദ്ദാക്കിയതായി എയർ ഇന്ത്യയും , ഇൻഡിഗോയു , എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു. സർവീസ് റദ്ദാക്കൽ മൂലം യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക പൂർണ്ണമായും തിരികെ ലഭിക്കുമെന്ന് കമ്പനികൾ വ്യക്തമാക്കി.
സൗദിയിലെ വിമാനത്താവളങ്ങൾ, സൈനിക കേന്ദ്രങ്ങൾ, എണ്ണ ശുദ്ധീകരണ-സംഭരണ കേന്ദ്രങ്ങൾ എന്നിവയ്ക്കുനേരെ ആക്രമണം നടത്തിയതായി ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ കഴിഞ്ഞ ദിവസങ്ങളിൽ അവകാശപ്പെട്ടിരുന്നു. സൗദി വ്യോമമേഖല തങ്ങളുടെ സൈനിക പ്രവർത്തനങ്ങളുടെ കേന്ദ്രമാണെന്ന് വിശേഷിപ്പിച്ച വിമതർ, അവിടെ വിമാന സർവീസുകൾ നടത്തിയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആഗോള വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പും നൽകി.
“മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത്, റിയാദിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 10 വരെ റദ്ദാക്കിയിരിക്കുന്നു. യാത്ര മുടങ്ങിയവർക്ക് സൗജന്യമായി യാത്രാ തീയതി മാറ്റാനോ അല്ലെങ്കിൽ ടിക്കറ്റ് റദ്ദാക്കി പണം പൂർണ്ണമായും തിരികെ നേടാനോ ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഞങ്ങൾ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്,” എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു.
സൗദി തലസ്ഥാനത്തിന് മുകളിൽ പലതവണ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുണ്ട്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ നിർദ്ദേശിച്ചു.റിയാദ്, അബഹ വിമാനത്താവളങ്ങൾക്കുനേരെ ഹൂതികൾ നടത്തിയ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി സൗദി അധികൃതർ ബുധനാഴ്ച അറിയിച്ചിരുന്നു.

