കൊച്ചി: കളമശ്ശേരിയിൽ യുവതിയെ രണ്ടുദിവസം തടവിലാക്കി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് പോലീസ് . യുവതിയുടെ ഭർത്താവ് ജോലിയ്ക്കായി പോയെന്ന് ഉറപ്പുവരുത്തിയ ശേഷം, പ്രതികൾ ഏർപ്പെടുത്തിയ വാഹനത്തിലാണ് യുവതിയെ സ്പായിലേക്ക് വിളിച്ചുവരുത്തിയത്. കൂട്ടബലാത്സംഗത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാൻ അവർക്ക് പുതിയ വസ്ത്രം നൽകിയതായും പോലീസ് കണ്ടെത്തി.
അതിജീവിതയുടെ മൊഴി പ്രകാരം, കേസിൽ ഉൾപ്പെട്ട സ്ത്രീയാണ് അവരെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത്. ഇവരും നാലാം പ്രതിയും ഒളിവിലാണ്. ഇവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. യുവതി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
ഒക്ടോബർ 2, 3 തീയതികളിലായാണ് സംഭവം നടന്നത്. ഒഎൽഎക്സിൽ കണ്ട മാനേജർ തസ്തികയിലേക്കുള്ള പരസ്യം കണ്ടാണ് യുവതി സ്പായിൽ എത്തിയത്. ഇവരെ രണ്ടുദിവസം തടഞ്ഞുവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു . പീഡനത്തിന് മുൻപ് അവർക്ക് മദ്യവും ലഹരിമരുന്നും നൽകിയിരുന്നു.
കേസിൽ ഇരിക്കാവ് സ്വദേശി ശ്രീരാജ് (30), തേവയ്ക്കൽ സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ ഒരാൾ കൊച്ചിയിൽ പ്രവർത്തിക്കുന്ന നാല് സ്പാകളുടെ ചുമതലക്കാരനാണ്. ജോലി അഭിമുഖത്തിനായി യുവതിയെ വിളിച്ചുവരുത്തിയ പാതാടിപ്പാലത്തെ സ്പായിൽ പോലീസ് പരിശോധന നടത്തുകയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തു. പീഡനത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ പകർത്തിയിട്ടുണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നു. പ്രതികളിലൊരാളായ ശ്രീരാജ് നേരത്തെ ലഹരിമരുന്ന് കേസിലും അറസ്റ്റിലായിട്ടുണ്ട്.

