മുംബൈ ; ഏകാധിപതിയായിരുന്ന ഹിറ്റ്ലർ ജീവനൊടുക്കുകയായിരുന്നുവെന്നും, രാജ്യത്തും സമാനമായ സാഹചര്യം ഉണ്ടായേക്കാമെന്നും ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ . തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകൾ ആരോപിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) നേതാവ് രാജ് താക്കറെയും മുംബൈയിൽ സംയുക്ത പ്രതിഷേധ മാർച്ച് നടത്തി.
‘വിരാട് ഗർജന മോർച്ച’ എന്ന് പേരിട്ടിരുന്ന മാർച്ച് തെക്കൻ മുംബൈയിലെ മെട്രോ സിനിമയിൽ നിന്ന് ആരംഭിച്ച് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആസ്ഥാനത്തേക്ക് നീങ്ങി. കോൺഗ്രസിന്റെയും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയുടെയും സംസ്ഥാന നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു.
മഹാരാഷ്ട്രയിലെ എസ് ഐ ആർ നടപടികൾ റദ്ദാക്കണമെന്നും വോട്ടിംഗ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടു.
‘ അടിയന്തര സാഹചര്യം ഉണ്ടാകുമ്പോഴാണ് എസ് ഐ ആർ നടത്തുന്നതെന്ന് നിയമം പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് 40 മുതൽ 60 ലക്ഷം വരെ വോട്ടർമാരെ പട്ടികയിൽ ചേർക്കുകയും അതുവഴി അധികാരം പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ എസ് ഐ ആറിലൂടെ രണ്ട് കോടി ആളുകളെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നു. ” രാജ് താക്കറെ പറഞ്ഞു.
ഏകാധിപത്യ ഭരണത്തെ വെല്ലുവിളിക്കാനും വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തതിനെതിരെ പ്രതികരിക്കാനുമാണ് ഈ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
“ഏകാധിപതിയെ താഴെയിറക്കാൻ വേണ്ടിയാണ് ഞങ്ങൾ ഇന്ന് ഇവിടെ നിൽക്കുന്നത്. രാജ്യത്തുടനീളം 13 കോടി ആളുകളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. ബംഗാളിലും തമിഴ്നാട്ടിലും വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്; വോട്ടവകാശം ആവശ്യപ്പെട്ട് ആളുകൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതൊരു ഉപതെരഞ്ഞെടുപ്പ് മാത്രമാണെന്നും അതുകൊണ്ട് എന്ത് വ്യത്യാസമാണുള്ളതെന്നും സുപ്രീം കോടതി ചോദിക്കുന്നു. നാളെ വാദം കേൾക്കുമോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഹിറ്റ്ലറും ഇതുപോലൊരു ഏകാധിപതിയായിരുന്നു, എന്നാൽ ഒടുവിൽ സ്വയം വെടിവെച്ച് മരിക്കേണ്ടി വന്നു അദ്ദേഹത്തിന്. രാജ്യത്തും സമാനമായ സാഹചര്യം ഉണ്ടായേക്കാം. ഏകപക്ഷീയമായി പ്രവർത്തിക്കുന്നവർ ഇക്കാര്യം ഓർത്തിരിക്കണം ‘ ഉദ്ധവ് താക്കറെ പറഞ്ഞു.

