റിയാദ് : സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളികളായ രണ്ട് നഴ്സുമാരടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം. . തായിഫ്-റാനിയ റോഡിൽ ഇന്നലെയായിരുന്നു അപകടം. കോട്ടയം അയർക്കുന്നം സ്വദേശി ജെയ്സിമോൾ മാത്യു (36), കുറുമല്ലൂർ അനച്ചേരി അഞ്ചാക്കുന്നേൽ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികൾ .
അപകടസമയത്ത് കാറിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ വിജയലക്ഷ്മി, ഹെപ്സിബ എന്നിവരും സൗദി പൗരനായ ഡ്രൈവറും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. തായിഫ് ഗവർണറേറ്റിലെ അൽ-ഗഫ, അൽ-അവൈല ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്ന ഇവർ, അവധി ദിവസത്തിൽ ഷോപ്പിംഗിനും മറ്റ് ആവശ്യങ്ങൾക്കുമായി റാനിയയിലേക്ക് പോയതായിരുന്നു.
മൃതദേഹങ്ങൾ റാനിയയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എക്സ്പ്രസ്വേയിൽ ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം.

