കോട്ടയം ; മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ചങ്ങനാശേരി സ്വദേശിനി മരിച്ചതിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ. ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന (49) യാണ് വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ മരിച്ചത്. സംഭവത്തിൽ ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി.
ഹെർണിയ സംബന്ധിച്ച അസുഖത്തിനായി ഇക്കഴിഞ്ഞ 18 ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹസീനയ്ക്കു താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തിയിരുന്നു. 3–ാം ദിവസം ഡിസ്ചാർജ് ചെയ്തു. വീട്ടിൽ എത്തിയശേഷം കടുത്ത പനിയെത്തുടർന്ന് വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അണുബാധ മൂലമാണ് പനിയുണ്ടായതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പിന്നീടു വീട്ടിലെത്തിയ ഹസീനയ്ക്കു ബുദ്ധിമുട്ടുകൾ കൂടിയതിനെത്തുടർന്ന് 27 ന് വീണും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വയർ തുറന്നുള്ള ശസ്ത്രക്രിയ നടത്തുകയായിരുന്നു. ചികിത്സയ്ക്കിടെ ആരോഗ്യനില മോശമാവുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ഇന്നലെ വൈകിട്ടോടെ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
മരണകാരണം സംബന്ധിച്ചു വ്യക്തത വരുത്തണമെന്നും ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു .

