ന്യൂഡൽഹി : രാജ്യത്തിന് അഭിമാനമായി മാറിയ ഫ്ലൈദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ദേശീയ ധീരതാ പുരസ്കാരം നൽകണമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഈ ആവശ്യം ഉന്നയിച്ച് ഫെഡറേഷൻ കത്തും നൽകി.
വിമാനയാത്രയ്ക്കിടെയുണ്ടായ ഗുരുതരമായ അടിയന്തര സാഹചര്യത്തിൽ സ്മിത് മച്ചാർ നടത്തിയ ഇടപെടലുകൾ പരിഗണിച്ച് ധീരതാ പുരസ്കാരം നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.
സഹപൈലറ്റിന്റെ ആക്രമണത്തിൽ പരിക്കേറ്റിട്ടും സ്മിത് മച്ചാർ പൈലറ്റ്-ഇൻ-കമാൻഡ് എന്ന നിലയിലുള്ള തന്റെ ചുമതലകൾ നിർവഹിക്കുന്നത് തുടർന്നെന്ന് കത്തിൽ വ്യക്തമാക്കുന്നു . അടിയന്തര സാഹചര്യത്തിൽ അദ്ദേഹം ധീരതയോടെ ഉറച്ചുനിൽക്കുകയും വിമാനം നിയന്ത്രണത്തിലാക്കാൻ സഹായിക്കുകയും ചെയ്തുവെന്നും ഫെഡറേഷൻ ചൂണ്ടിക്കാട്ടി.
ഗുരുതരമായ അടിയന്തര സാഹചര്യവും കടുത്ത പരിക്കുകളും നേരിടേണ്ടി വരുമ്പോഴും, തങ്ങളുടെ സംരക്ഷണയിലുള്ളവരുടെ സുരക്ഷയ്ക്കാണ് പ്രൊഫഷണൽ പൈലറ്റിന്റെ പരമപ്രധാനമായ പരിഗണനയെന്ന് സ്മിത് മച്ചാറിന്റെ നടപടികൾ തെളിയിച്ചതായി ഫെഡറേഷൻ പറയുന്നു.അസാധാരണമായ ധീരത പ്രകടമാക്കിയ ഇത്തരം പ്രവർത്തനങ്ങൾ ഉന്നതതലത്തിലുള്ള അംഗീകാരത്തിന് അർഹമാണെന്നും ഫെഡറേഷൻ പറഞ്ഞു.
മച്ചാറിനെ അശോക ചക്ര പുരസ്കാരത്തിനായി പരിഗണിക്കണമെന്ന് രാജ്യസഭാ എംപി മിലിന്ദ് ദിയോറയും മോദിയോട് അഭ്യർത്ഥിച്ചിരുന്നു.

