തിരുവനന്തപുരം : ഗൂഗിളിൽ നിന്ന് കണ്ടെത്തുന്ന വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി ആഭ്യന്തര വകുപ്പ് . ബാങ്കുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ പേരിൽ വ്യാജ നമ്പറുകൾ ഓൺലൈനിൽ നൽകി ഉപഭോക്താക്കളെ തട്ടിപ്പിനിരയാക്കുകയാണ് ഇവർ ചെയ്യുന്നത്.
സഹായത്തിനായി ഉപഭോക്താക്കൾ ഈ നമ്പറുകളിൽ വിളിക്കുമ്പോൾ പലപ്പോഴും കോളുകൾ നേരിട്ട് കണക്റ്റ് ആകില്ല. തുടർന്ന് തട്ടിപ്പുകാർ കസ്റ്റമർ സപ്പോർട്ട് ഏജന്റുമാരെന്ന വ്യാജേന തിരികെ വിളിക്കുന്നു. പരാതി പരിഹരിക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് ഫോണിൽ ‘റിമോട്ട് ആക്സസ്’ അല്ലെങ്കിൽ ‘സ്ക്രീൻ ഷെയറിംഗ്’ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ഇവർ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു
രജിസ്ട്രേഷൻ അല്ലെങ്കിൽ വെരിഫിക്കേഷൻ ഫീസായി 5 രൂപ പോലുള്ള ചെറിയ തുക അടയ്ക്കാനും ഇവർ ആവശ്യപ്പെട്ടേക്കാം. ഈ രീതിയിലൂടെ ബാങ്കിംഗ്, വ്യക്തിഗത വിവരങ്ങൾ ചോർത്തി വലിയ സാമ്പത്തിക തട്ടിപ്പുകൾ നടത്താൻ തട്ടിപ്പുകാർ ശ്രമിക്കുമെന്ന് ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നൽകി.
ഗൂഗിൾ സെർച്ചിലൂടെ ലഭിക്കുന്ന കസ്റ്റമർ കെയർ നമ്പറുകളെ ഉപഭോക്താക്കൾ അന്ധമായി വിശ്വസിക്കരുത്. സേവനവുമായി ബന്ധപ്പെട്ട സഹായങ്ങൾക്ക് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകളോ ആപ്പുകളോ ഉപയോഗിക്കുക. അപരിചിതരുടെ നിർദ്ദേശപ്രകാരം ഫോണിൽ റിമോട്ട് ആക്സസ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ഇത്തരം സാഹചര്യങ്ങളിൽ രജിസ്ട്രേഷൻ ഫീസ് അടയ്ക്കുകയോ ചെയ്യരുത്.
ഒ.ടി.പി , പിൻ , പാസ്വേഡ് അല്ലെങ്കിൽ കാർഡ് വിവരങ്ങൾ എന്നിവ ആരോടും പങ്കുവെക്കരുത്. ഫോൺ സംഭാഷണത്തിനിടെ എന്തെങ്കിലും സംശയാസ്പദമായി തോന്നിയാൽ ഉടൻ തന്നെ കോൾ അവസാനിപ്പിക്കണം. തുടർന്ന് സ്ഥാപനത്തിന്റെ ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ ബന്ധപ്പെടുകയോ നേരിട്ട് അടുത്തുള്ള ശാഖ സന്ദർശിക്കുകയോ വേണമെന്ന് പോലീസ് നിർദ്ദേശിച്ചു. സൈബർ സാമ്പത്തിക തട്ടിപ്പിനിരയാകുന്നവർ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈനിലോ www.cybercrime.gov.in എന്ന നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലോ വിവരം അറിയിക്കണം.

