ഡബ്ലിൻ: വടക്കൻ ഡബ്ലിനിൽ ബാൽക്കണിയിൽ നിന്നും വീണ് മരിച്ച യുവതിയുടെ പേര് വിവരങ്ങൾ പുറത്ത്. കാത്ലീൻ കാരി എന്നാണ് യുവതിയുടെ പേര്. ഗുരുതരമായ ആക്രമണത്തിനിടെ ആണ് ബാൽക്കണിയിൽ നിന്നും യുവതി വീണതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഡബ്ലിനിലെ ബെൽമെയ്നിലെ മെയിൻ സ്ട്രീറ്റിൽ ആയിരുന്നു സംഭവം ഉണ്ടായത്.
വീണ് പരിക്കേറ്റ ഇവരെ ബ്യൂമോണ്ട് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ചികിത്സയിലിരിക്കെ ആരോഗ്യനില മോശമായതിനെ തുടർന്ന് ബുധനാഴ്ച ഇവർക്ക് ജീവൻ നഷ്ടമാകുകയായിരുന്നു. ഇവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ 20 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണം.

