മകോക്ചുങ് : നാഗാലാൻഡിൽ വിഷമദ്യം കഴിച്ച് 19 പേർ മരിച്ചു. മൊകോക്ചുങ് ജില്ലയിൽ എട്ടുപേരും ടുൻസാങ് ജില്ലയിൽ 11 പേരുമാണ് മരിച്ചത്. സംഭവത്തെത്തുടർന്ന്, മദ്യത്തിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്തുന്നതിനായി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ഐ. ബങ്ലാങ് ചാങ് തലവനായുള്ള പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് വെസുപ്ര കെസോ അറിയിച്ചു.
മരണകാരണം സ്ഥിരീകരിക്കുന്നതിനായി മദ്യത്തിന്റെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി ഗുവാഹത്തിയിലേക്ക് അയച്ചിട്ടുണ്ടെന്ന് കെസോ പറഞ്ഞു. “ഞങ്ങൾക്ക് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്, എന്നാൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ സമയമായിട്ടില്ല,” അദ്ദേഹം പറഞ്ഞു.
മരണങ്ങളെത്തുടർന്ന് സംസ്ഥാനത്തുടനീളം പോലീസ് നടത്തിയ പരിശോധനകളിൽ 19 പേരെ അറസ്റ്റ് ചെയ്തു. പരിശോധനയ്ക്കിടെ ഏകദേശം 3,000 കുപ്പി മദ്യവും പിടിച്ചെടുത്തു. 1990 മുതൽ മദ്യനിരോധന നിയമം നിലവിലുള്ള സംസ്ഥനാമാണ് നാഗാലാൻഡ്

