കൊച്ചി : ഹണി റോസിനെതിരായ അശ്ലീല പരാമർശവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. താരത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ അശ്ലീല കമന്റിട്ട 27 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അതിനു പിന്നാലെയാണ് എറണാകുളം കുമ്പളം സ്വദേശി അറസ്റ്റിലായത് . സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്ടുകള്‍ ചുമത്തിയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തന്നെ ഒരു വ്യക്തി സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിക്കുന്നതായി ഹണി റോസ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു . എന്നാൽ ഇതിനു താഴെയും ലൈംഗികാധിക്ഷേപ കമന്റുകളുമായി ഒട്ടേറെപ്പേർ എത്തിയതോടെ പരാതി നൽകാൻ നടി തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കുന്നതും അശ്ലീലം നിറഞ്ഞതുമായ കമന്റുകളിട്ട 27 പേരുടെ വിവരങ്ങളും കൈമാറി. തുടർന്ന് അശ്ലീല കമന്റുകളിട്ടവരുടെ പ്രൊഫൈലുകൾ പരിശോധിച്ച ശേഷമാണ് പൊലീസ് നിയമനടപടിയിലേക്ക് കടന്നിട്ടുള്ളത്. ഇതിനു പിന്നാലെയാണ് ഇന്നു രാവിലെ ഷാജിയെ അറസ്റ്റ് ചെയ്തത് .