കോഴിക്കോട് : കോഴിക്കോട് ക്രിസ്ത്യൻ കോളേജിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം. കാലിക്കറ്റ് എഫ്സി താരമായ റിജോൺ തൃശൂർ സ്വദേശിയാണ് . 29 വയസായിരുന്നു . റിജോണും സഹതാരം ഗാനി അഹമ്മദ് നിഗമും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
രണ്ട് ബൈക്കുകളിലായി സഞ്ചരിച്ചിരുന്ന നാല് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും റിജോണിന്റെ ജീവൻ രക്ഷിക്കാനായില്ല. സന്തോഷ് ട്രോഫി താരമായ ഗാനി അഹമ്മദ് നിലവിൽ ചികിത്സയിലാണ്. എഫ്സി ഡെക്കാൻ, വയനാട് യുണൈറ്റഡ്, ജോർജ്ജ് ടെലിഗ്രാഫ് എന്നീ ടീമുകൾക്ക് വേണ്ടിയും റിജോൺ മുമ്പ് കളിച്ചിട്ടുണ്ട്. സൂപ്പർ ലീഗ് ആരംഭിക്കുന്നതിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് റിജോണിന്റെ അകാല വിയോഗം.
രണ്ടു ദിവസങ്ങൾക്കു മുൻപാണ് റിജോണും ഗനിയും ടീമിനൊപ്പം ചേർന്നത്. അപകട സമയത്ത് പ്രദേശത്തു മഴയുണ്ടായിരുന്നതായാണ് സൂചന.

