വാഷിംഗ്ടൺ ; അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ നടപടികൾ ശക്തമാക്കാനുള്ള നീക്കവുമായി ട്രംപ് ഭരണകൂടം . കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുന്നതായി യുഎസ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്നാണിത്.
ആറ് മാസത്തിനുള്ളിൽ ഐസിസിയുമായുള്ള മിക്ക ഇടപാടുകളും നിരോധിക്കപ്പെടും. യുഎസ് ഡോളറിൽ ഇടപാടുകൾ നടത്തുന്നതിൽ നിന്ന് കോടതിയെ തടയുകയും, ആഗോള സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് ഒറ്റപ്പെടുത്തുകയുമാണ് ലക്ഷ്യം . ഈ നിയന്ത്രണങ്ങൾ കോടതിയുടെ പ്രവർത്തനങ്ങളെ സാരമായി തടസ്സപ്പെടുത്തിയേക്കാം.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തിനിടയിലോ അതിന് തൊട്ടുപിന്നാലെയോ ഈ ആഴ്ച തന്നെ ഉപരോധങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ അന്തിമമാക്കിയേക്കാമെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഉപരോധ തീരുമാനങ്ങളെക്കുറിച്ച് മുൻകൂട്ടി പ്രതികരിക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വിസമ്മതിച്ചു . എന്നാൽ ഐസിസി അമേരിക്കൻ പരമാധികാരത്തിന് ഭീഷണിയാണെന്നാണ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നിലപാട് .
കോടതിക്കെതിരായ നടപടികളുടെ ഭാഗമായി യുഎസ് ഇതിനകം തന്നെ നിരവധി ഐസിസി ഉദ്യോഗസ്ഥർക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടർന്ന് ജൂലൈയിൽ ഐസിസി പുറത്താക്കിയ മുൻ ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ, ഐസിസി പ്രസിഡന്റ് ടോമോക്കോ അകാനെ, നിരവധി ജഡ്ജിമാർ, കോടതിയിലെ രണ്ട് ഡെപ്യൂട്ടി പ്രോസിക്യൂട്ടർമാർ, നെതന്യാഹുവിനും മറ്റ് ഇസ്രായേൽ ഉദ്യോഗസ്ഥർക്കുമെതിരായ കേസിലെ പ്രധാന പ്രോസിക്യൂട്ടർ എന്നിവർക്ക് മേലും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

