കൽപറ്റ: ‘റിപ്പോർട്ടർ ടിവി’ ഉടമ ആൻ്റോ അഗസ്റ്റിൻ്റെ വയനാട്ടിലെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ 43 ലിറ്റർ വിദേശ മദ്യവും 7 ലിറ്റർ വൈനും എക്സൈസ് പിടിച്ചെടുത്തു. മദ്യം കണ്ടെത്തിയതിനെത്തുടർന്ന് പോലീസ് എക്സൈസ് വകുപ്പിനെ വിവരം അറിയിക്കുകയും നിയമനടപടികൾക്കായി ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു . കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി തുടർനടപടികൾ ആരംഭിച്ചു.
കേരളത്തിലെ നിയമപ്രകാരം വ്യക്തിഗത ആവശ്യത്തിനായി കൈവശം വെക്കാവുന്ന പരിധിയേക്കാൾ കൂടുതൽ മദ്യമാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. ഒരാൾക്ക് 3 ലിറ്ററും വൈനിന് 3.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും, ബിയർ, കള്ള്, മറ്റ് വിദേശ മദ്യം എന്നിവയുൾപ്പെടെ വിവിധതരം മദ്യപാനീയങ്ങൾ 15 ലിറ്റർ വരെ നിയമപരമായി കൈവശം വെക്കാമെങ്കിലും, ആന്റോയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് അനുവദനീയമായ പരിധിക്ക് മുകളിലായിരുന്നു.
പിടിച്ചെടുത്ത വിദേശ മദ്യം നേരിട്ട് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തതാണോ അതോ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണോ എന്ന് എക്സൈസ് സംഘം പരിശോധിച്ചുവരികയാണ്. ആവശ്യമായ ലൈസൻസോ താൽക്കാലിക പെർമിറ്റോ ഇല്ലാതെ ഇത്രയും വലിയ അളവിൽ മദ്യം വീട്ടിൽ സൂക്ഷിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് ഗുരുതരമായ നിയമലംഘനമാണ്.
അതേസമയം മെസിയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ ആൻ്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അർജൻ്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാമെന്ന് അവകാശപ്പെട്ട് സർക്കാരിനെ കബളിപ്പിച്ചുവെന്നാണ് കളമശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ ആരോപണം.

