ന്യൂഡൽഹി ; അറബിക്കടലിൽ ഇന്ത്യൻ നാവികസേനയുടെ യുദ്ധകപ്പലുമായി പാകിസ്ഥാൻ നാവികസേനയുടെ കപ്പൽ കൂട്ടിയിടിച്ച സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. . പാകിസ്ഥാൻ ഹൈക്കമ്മീഷൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
കടലിൽ ഇന്ത്യൻ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിയുണ്ടാകാൻ കാരണമായ പാകിസ്ഥാൻ നാവികസേനാ വിഭാഗങ്ങളുടെ പെരുമാറ്റം സ്വീകാര്യമല്ലാത്തതും തൊഴിൽപരമായ മര്യാദകൾക്ക് നിരക്കാത്തതുമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അന്താരാഷ്ട്ര സമുദ്രമേഖലയിൽ നടന്ന ഈ സംഭവത്തിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. എങ്കിലും പാകിസ്ഥാൻ നാവികസേനാ കപ്പലിൻ്റെ പെരുമാറ്റം 1991 ഏപ്രിലിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒപ്പുവെച്ച ‘സൈനിക അഭ്യാസങ്ങൾ, നീക്കങ്ങൾ, സൈനിക വിന്യാസം എന്നിവയെക്കുറിച്ചുള്ള മുൻകൂർ അറിയിപ്പ് സംബന്ധിച്ച കരാറി’ലെ 10-ാം അനുച്ഛേദത്തിൻ്റെ നേരിട്ടുള്ള ലംഘനമായിരുന്നു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ, എല്ലാ സൈനിക വിഭാഗങ്ങളും വേണ്ടത്ര ജാഗ്രത പാലിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രസക്തമായ കരാറുകളിലെ വ്യവസ്ഥകൾ മാനിക്കുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകത ബന്ധപ്പെട്ട പാകിസ്ഥാൻ അധികൃതരെ അറിയിക്കാൻ പാകിസ്ഥാൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥനോട് നിർദ്ദേശിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയോടും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിൽ സമാനമായ പ്രതിഷേധം രേഖപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

