തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ ഒന്നരവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി . സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട് . പൊറ്റയിൽ പുലവന്നിയൂർക്കോണം സ്വദേശിനിയും അഭിജിത്തിന്റെ ഭാര്യയുമായ നീതു എന്ന ക്രിസ്റ്റി (29) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയോടെ ഉറങ്ങിക്കിടന്നിരുന്ന മകൾ ഇവാനയെയാണ് ക്രിസ്റ്റി കൊലപ്പെടുത്തിയത്.
ക്രിസ്റ്റിക്ക് മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് ഫോറൻസിക് പരിശോധന ഉടൻ ആരംഭിക്കും. ഭർത്താവ് അഭിജിത്തുമായുള്ള പ്രശ്നങ്ങളും ഭർതൃവീട്ടുകാരുമായുള്ള തർക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ക്രിസ്റ്റി പൊലീസിനോട് പറഞ്ഞു. മകളെ കൊലപ്പെടുത്തിയ ശേഷം താനും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതായും അവർ വെളിപ്പെടുത്തി.
സംഭവസമയത്ത് ക്രിസ്റ്റിയെയും ഇവാനയയെയും കൂടാതെ അഭിജിത്തിന്റെ അമ്മ ഗേളിയും, ഇവരുടെ മാതൃ സഹോദരി ജസീന്തയുമാണ് വീട്ടിലുണ്ടായിരുന്നത്. ക്രിസ്റ്റിയുടെ അസ്വാഭാവിക പെരുമാറ്റത്തിൽ സംശയം തോന്നിയ ജസിന്ത മുറിയിൽ ചെന്നുനോക്കിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന ഇവാനയെയാണ് കണ്ടത്. കുഞ്ഞിനെ കിടപ്പ് കണ്ട് ഭയന്ന് ജസിന്തയോട് താൻ കുഞ്ഞിനെ കൊന്നുവെന്ന് ക്രിസ്റ്റി തന്നെയാണ് പറയുന്നത്. ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ കുഞ്ഞിനെ ആദ്യം മലയിൻകീഴ് താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്.എ.ടി. ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മെഡിക്കൽ റെപ്രസന്റേറ്റീവായ അഭിജിത്ത് ജോലിക്ക് പോയ സമയത്താണ് ക്രൂരമായ കൊലപാതകം നടന്നത്. ഇന്നലെ ഇവരുടെ നാലാം വിവാഹ വാർഷികമായിരുന്നു. ആത്മഹത്യയ്ക്കായി ഗുളിക കഴിച്ചതായി പോലീസിനോട് പറഞ്ഞതിനെത്തുടർന്ന് ക്രിസ്റ്റിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

