ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ ഭീകര മൊഡ്യൂൾ തകർത്ത് സുരക്ഷാ സേന . നിരോധിത സംഘടനയായ ഹിസ്ബുൾ മുജാഹിദീന്റെ മൊഡ്യൂളിന്റെ ഭാഗമായി ഹന്ദ്വാര-കുപ്വാര പ്രദേശത്ത് പ്രവർത്തിച്ചിരുന്ന ഹൈബ്രിഡ് തീവ്രവാദി അഹമ്മദ് ഭട്ട് അറസ്റ്റിലായി. സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ നടത്തിയതെന്ന് ഹന്ദ്വാര പോലീസ് വക്താവ് പറഞ്ഞു.
പൊലീസ് ലിസ്റ്റിൽ ഉൾപ്പെടാത്ത, എന്നാൽ തീവ്രമായ ചിന്താഗതിയുള്ള ആളെയാണ് ഹൈബ്രിഡ് തീവ്രവാദി എന്ന് പറയുന്നത്. ചൈനീസ് പിസ്റ്റൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ഭീകരനിൽ നിന്ന് കണ്ടെടുത്തു. രണ്ട് മാഗസിനുകൾ, 16 പിസ്റ്റൾ വെടിയുണ്ടകൾ എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഭട്ട് മുൻ തീവ്രവാദിയാണ്, മുമ്പ് രണ്ട് കേസുകളിൽ അറസ്റ്റിലായിട്ടുമുണ്ട്.
ഇയാൾക്കെതിരെ ഹന്ദ്വാര പോലീസ് സ്റ്റേഷനിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഈ മൊഡ്യൂളിനെക്കുറിച്ചും അതിന്റെ ശൃംഖലയെക്കുറിച്ചുമുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

