തിരുവനന്തപുരം ; പട്ടികജാതി വനിതകൾക്കായുള്ള സ്വയം തൊഴിൽ സംരംഭ പദ്ധതിയിൽ വായ്പ തുകയുടെ സബ്സിഡി അനുവദിച്ചതിൽ ക്രമക്കേട് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം തിരുവല്ലം സ്വദേശിനിയായ എൽ. ബിന്ദു (47) ആണ് അറസ്റ്റിലായത്.
നഗരസഭയുടെ 1.26 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. സംരംഭക ഗ്രൂപ്പുകൾക്ക് സബ്സിഡിയായി അനുവദിച്ച 1.26 കോടി രൂപ വിതരണം ചെയ്തതായി വ്യാജ രേഖകൾ ഉണ്ടാക്കിയ ശേഷം യഥാർഥ ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകാതെ ഈ തുക സ്വകാര്യ സ്ഥാപനത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയത്.
ബിന്ദു മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തിയതായും 36 ലക്ഷം രൂപ ബിന്ദുവിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയതായും വിജിലൻസ് കണ്ടെത്തിയിരുന്നു. കേസിൽ തിരുവനന്തപുരം കോർപറേഷനിലെ മുൻ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫിസർ പ്രവീൺ രാജ്, എസ്സി പ്രമോട്ടർമാരായ എസ്.സിന്ധു, അജിത, പട്ടം സർവീസ് സഹകരണ ബാങ്ക് മുൻ മാനേജർ സോണി, ആധാരം എഴുത്തുകാരൻ സുരേഷ് ബാബു എന്നിവരെ വിജിലൻസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു.

