ഡബ്ലിൻ: അയർലൻഡിൽ തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടരുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം തൊഴിലില്ലായ്മ നിരക്ക് 5.0 ശതമാനമായി തുടരുകയാണ്. സാമ്പത്തിക മേഖലയിലെ ചാഞ്ചാട്ടത്തിനിടയിലും സ്ഥിരമായി തുടർന്നത് തൊഴിൽ രംഗത്തെ സംബന്ധിച്ച് ഏറെ ആശ്വാസം നൽകുന്ന ഒന്നാണ്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 4.9 ശതമാനം ആയിരുന്നു തൊഴിലില്ലായ്മ നിരക്ക്. എന്നാൽ ഈ വർഷം ഓഗസ്റ്റിലേക്ക് വരുമ്പോൾ തൊഴിലില്ലായ്മ നിരക്ക് നേരിയ തോതിൽ ഉയർന്നിട്ടുണ്ട്. എങ്കിലും ഈ വർഷം പ്രതിമാസ തൊഴിലില്ലായ്മ നിരക്ക് 5.0 ശതമാനമായി തുടർന്നു. യുവതലമുറയുടെ തൊഴിലില്ലായ്മ നിരക്കിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. 12.3 ശതമാനത്തിലേക്കാണ് ഈ വിഭാഗത്തിന്റെ തൊഴിലില്ലായ്മ നിരക്ക് താഴ്ന്നത്. ഇത് വലിയ ആശ്വാസം നൽകുന്ന കണക്കാണ്.
ലിംഗാടിസ്ഥാനത്തിലെ കണക്കുകൾ പുറത്തുവരുമ്പോൾ പുരുഷന്മാരിലെ തൊഴിലില്ലായ്മ നിരക്ക് 4.8 ശതമാനമെന്ന നിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. എന്നാൽ സ്ത്രീകളിൽ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. 5.1 ശതമാനമാണ് സ്ത്രീകളിലെ തൊഴിലില്ലായ്മ നിരക്ക്.

