ശ്രീനഗർ : പാകിസ്ഥാൻ ലഷ്കർ-ഇ-തൊയ്ബ കമാൻഡറെ വധിച്ച് സുരക്ഷാസേന . ജമ്മു കശ്മീരിലെ യുസ്മാർഗ് പ്രദേശത്ത് സംയുക്ത സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് ലഷ്കർ-ഇ-തൊയ്ബ കമാൻഡറായ യാസിർ കൊല്ലപ്പെട്ടത് . യാസിർ മുമ്പ് ലഷ്കറിലെ പ്രമുഖ ‘സുലെമാൻ മൂസ’ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു, എന്നാൽ ഏകദേശം ഒരു വർഷം മുമ്പ് അതിൽ നിന്ന് വേർപിരിഞ്ഞു.
സംഘത്തിൽ നിന്ന് വേർപിരിഞ്ഞ ശേഷം, യാസിർ സ്വതന്ത്രമായി യുസ്മാർഗ് മേഖലയിലെ പ്രധാന ലഷ്കർ കമാൻഡറായി സജീവമായി പ്രവർത്തിക്കുകയായിരുന്നു . സുരക്ഷാ സേന വളരെക്കാലമായി യാസിറിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു.
ശനിയാഴ്ച യുസ്മാർഗിൽ സുരക്ഷാ സേനയും യാസിറും തമ്മിൽ ഏറ്റുമുട്ടൽ നടന്നു . ഓപ്പറേഷനിടെ സുരക്ഷാ സേന യാസിറിനെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. ഈ ദൗത്യത്തിന് ‘ഓപ്പറേഷൻ അഷ്ദർ’ എന്നാണ് സൈന്യം പേരിട്ടത്.
ജമ്മു കശ്മീരിൽ നടന്നുകൊണ്ടിരിക്കുന്ന ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാണ് യുസ്മാർഗിലെ ഏറ്റുമുട്ടൽ. യാസിറിന്റെ ശൃംഖല, മറ്റ് ലഷ്കർ ഭീകരരുമായുള്ള ബന്ധം, സമീപകാല ഭീകര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും യാസിറിന്റെ പങ്ക് എന്നിവ സുരക്ഷാ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. ‘നിങ്ങൾക്ക് ഓടി രക്ഷപ്പെടാം, ഒളിച്ചിരിക്കാൻ കഴിയില്ല’–ഭീകര വേട്ടയ്ക്കുശേഷം പൊലീസ് എക്സിലെ കുറിപ്പിൽ പറഞ്ഞു.

