ഡബ്ലിൻ: അയർലൻഡിൽ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ എണ്ണം കുറഞ്ഞു. ഈ വർഷം രണ്ടാം പാദത്തിലെ കണക്കുകളാണ് ഇത്. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നോട്ടീസുകൾ പുറപ്പെടുവിക്കുന്നതിൽ 42.9 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
റെസിഡൻഷ്യൽ ടെനൻസീസ് ബോർഡാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറപ്പെടുവിച്ചത്. ഏപ്രിൽ മുതൽ ജൂൺവരെ 4,031 വീടുകളിൽ നിന്നും ഇറങ്ങാനായി ഉടമകൾ കുടിയൊഴിപ്പിക്കൽ നോട്ടീസുകൾ നൽകിയിട്ടുണ്ട്. മാർച്ചിൽ പ്രാബല്യത്തിൽവന്ന പുതിയ വാടക നിയമങ്ങളാണ് നോട്ടീസുകളുടെ എണ്ണം കുറയാൻ കാരണം എന്നാണ് വിലയിരുത്തൽ. അതേസമയം ഈ വർഷം ആദ്യ പാദത്തിൽ അസാധാരണമാംവിധമായിരുന്നു നോട്ടീസുകളുടെ എണ്ണം വർധിച്ചത്.

