തൃശൂർ : തൃശൂരിൽ പുതുവർഷ രാത്രിയിൽ യുവാവിനെ കുത്തിക്കൊന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ 14 കാരൻ പിടിയിൽ . ഒപ്പമുണ്ടായിരുന്ന 16 കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം നടത്താൻ ഉപയോഗിച്ച കത്തി 14 കാരന്റേത് തന്നെയാണെന്നും സ്ഥിരീകരിച്ചു. സഹപാഠിയെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തിയതിന് 14 കാരനെ നേരത്തെ സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നതായും പൊലീസ് പറഞ്ഞു.
തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് കൊല്ലപ്പെട്ടത് . വടക്കും നാഥ ക്ഷേത്രമൈതാനത്തായിരുന്നു കൊലപാതകം . സ്കൂൾ വിദ്യാർത്ഥികൾ രണ്ട് പെൺകുട്ടികളുമായി മൈതാനത്ത് ഇരുട്ടത്ത് പോകുകയായിരുന്നു. ഇത് കണ്ട ലിവിൻ ചോദ്യം ചെയ്തതോടെ തർക്കമായി . ഇതിനിടെയാണ് വിദ്യാർഥികൾ ലിവിനെ കുത്തിയത്.
കുത്തേറ്റ് വീണ ലിവിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . വിദ്യാർത്ഥികൾ ലഹരിക്കടിമകളാണോ എന്നും പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.