ന്യൂഡൽഹി : പാകിസ്ഥാനിൽ 100 വർഷം പഴക്കമുള്ള ക്ഷേത്രം പൊളിച്ചുമാറ്റിയ നടപടിയെ അപലപിച്ച് ഇന്ത്യ . പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ക്രൂരതയാണ് ഈ സംഭവം തെളിയിക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. പാകിസ്ഥാൻ സർക്കാർ ഈ വിഷയം അന്വേഷിച്ച് കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
“പാകിസ്ഥാനിലെ നരോവൽ ജില്ലയിലെ സിറാജ് ഗ്രാമത്തിലെ ചരിത്രപ്രസിദ്ധമായ ഹിന്ദു ക്ഷേത്രം തകർത്തതിന്റെ ഭയാനകമായ വാർത്തയിൽ ഞങ്ങൾ വളരെയധികം ആശങ്കാകുലരാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ന്യൂനപക്ഷ ആരാധനാലയത്തിന് നേരെ നടന്ന ഈ നിന്ദ്യമായ നശീകരണ പ്രവൃത്തിയെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു” രൺധീർ ജയ്സ്വാൾ പറഞ്ഞു. അയൽരാജ്യത്തെ അധികാരികൾ ഇക്കാര്യത്തിൽ കാണിക്കുന്ന നിസ്സംഗതയും ക്ഷേത്രം സംരക്ഷിക്കുന്നതിൽ അവർ പരാജയപ്പെട്ടതും ഏറെ ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
“പാകിസ്ഥാനിലെ ന്യൂനപക്ഷ സമൂഹങ്ങൾ എത്രത്തോളം ദുർബലരാണെന്നും അവരുടെ മതസ്വാതന്ത്ര്യവും ആരാധനാലയങ്ങളും നിരന്തരം ലക്ഷ്യമിടുന്നുണ്ടെന്നും ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നു ” എന്നും അദ്ദേഹം പറഞ്ഞു പറഞ്ഞു. സംഭവത്തിൽ പാകിസ്ഥാൻ സർക്കാർ സുതാര്യമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ കണ്ടെത്തണമെന്നും ജയ്സ്വാൾ ആവശ്യപ്പെട്ടു. നശിപ്പിക്കപ്പെട്ട ക്ഷേത്രം പുനഃസ്ഥാപിക്കണം. രാജ്യത്ത് താമസിക്കുന്ന എല്ലാ ന്യൂനപക്ഷ സമൂഹങ്ങളുടെയും സുരക്ഷയും അവരുടെ മതസ്ഥലങ്ങളുടെ സംരക്ഷണവും സർക്കാർ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
100 വർഷം വരെ പഴക്കമുള്ള ഈ ക്ഷേത്രം ലാഹോറിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ അകലെ പഞ്ചാബ് പ്രവിശ്യയിലെ നരോവൽ ജില്ലയിലെ സിറാജ് ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. മതതീവ്രവാദികൾ ക്ഷേത്രം പൊളിച്ചുമാറ്റി അടുത്തുള്ള മദ്രസയുമായി ഭൂമി പങ്കിടാൻ ശ്രമിച്ചതായി പ്രദേശവാസികളും ന്യൂനപക്ഷ സംഘടനകളും പാകിസ്ഥാനിലെ ചില രാഷ്ട്രീയ പാർട്ടികളും ആരോപിച്ചു. അതേസമയം, കനത്ത മഴയെത്തുടർന്ന് പഴയ ക്ഷേത്രം തകർന്നു വീണതാണെന്നാണ് പാക് സർക്കാർ പറയുന്നത് . ക്ഷേത്രം തകർത്തവർക്കെതിരെ നടപടിയെടുക്കണമെന്നും ക്ഷേത്രം പുനർനിർമിക്കണമെന്നും പാകിസ്ഥാൻ മസിഹ മില്ലത്ത് പാർട്ടിയും ആവശ്യപ്പെട്ടു.

