തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നും നാളെയും തിരുവനന്തപുരത്ത് യോഗം ചേരും . സെപ്റ്റംബർ 13 മുതൽ 15 വരെ കോഴിക്കോട് നടക്കുന്ന പാർട്ടിയുടെ വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കുന്നതിനായുള്ള രേഖയുടെ കരട് യോഗത്തിൽ തയ്യാറാക്കും.
പാർട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിനുള്ള കാരണങ്ങൾ കരടിൽ ഉൾപ്പെടുത്താൻ സാധ്യതയില്ലെന്ന് സൂചനകൾ. താഴെത്തട്ടിലെ ചർച്ചകൾക്ക് ശേഷം സംസ്ഥാന കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് അംഗീകരിച്ചതെന്ന് സംസ്ഥാന നേതൃത്വം പറയുന്നു. പരാജയത്തിന്റെ കാരണങ്ങളും വീഴ്ചകളും അവലോകന റിപ്പോർട്ടിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ടെന്നാണ് വിവരം.
തിരുത്തേണ്ട തെറ്റുകൾ തിരിച്ചറിഞ്ഞ് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് ലക്ഷ്യം. സംഘടന പലയിടത്തും ദുർബലമായിട്ടുണ്ടെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. ഈ ബലഹീനതകളെ മറികടന്ന് ജനങ്ങളുടെ പ്രതീക്ഷകൾക്ക് അനുസൃതമായി പാർട്ടിയിൽ മാറ്റങ്ങൾ വരുത്തുന്നതിനുള്ള കർമ്മ പദ്ധതി തയ്യാറാക്കുക എന്നതാണ് ലക്ഷ്യം.
എന്നാൽ, തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായ വിഷയങ്ങളും സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകളും സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യണമെന്നാണ് പാർട്ടി നേതൃത്വത്തിലെ രണ്ടാം നിര നേതാക്കളുടെ അഭിപ്രായം.

