ഭോപ്പാൽ : ഓടുന്ന ട്രെയിനിൽ വിളക്ക് കത്തിച്ച് പൂജ നടത്തിയ യാത്രക്കാരനെതിരെ കേസ് . ഹസ്രത്ത് നിസാമുദ്ദീൻ-മൈസൂർ എക്സ്പ്രസിലാണ് സംഭവം . മധ്യപ്രദേശിലെ ഗ്വാളിയോറിൽ താമസിക്കുന്ന ഗരീബ് എന്ന യാത്രക്കാരനാണ് തന്റെ ബെർത്തിൽ വിളക്ക് കത്തിച്ച് വച്ച് പ്രാർത്ഥിച്ചത്.
യാത്രക്കാരനിൽ നിന്ന് തീപ്പെട്ടി, പിച്ചള വിളക്ക്, സ്റ്റീൽ പെട്ടി എന്നിവ കണ്ടെടുത്തതായി സെൻട്രൽ റെയിൽവേ അറിയിച്ചു. കൂടുതൽ നടപടികൾക്കായി യാത്രക്കാരനെ ഭൂസാവൽ സ്റ്റേഷനിൽ ഇറക്കി. സംഭവം കണ്ട മറ്റ് യാത്രക്കാരാണ് വിവരം ടിടിഇയെ അറിയിച്ചത്.
ടിടി ഇ വന്നിട്ടും വിളക്ക് കെടുത്താൻ യാത്രക്കാരൻ തയ്യാറായില്ലെന്നും റിപ്പോർട്ടുണ്ട് .1989 ലെ റെയിൽവേ ആക്ടിലെ സെക്ഷൻ 153, 145(ബി) പ്രകാരം യാത്രക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി സെൻട്രൽ റെയിൽവേ അറിയിച്ചു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, ഇന്ത്യൻ സിവിൽ ഡിഫൻസ് കോഡിലെ സെക്ഷൻ 35(സി) പ്രകാരം നോട്ടീസ് നൽകി അദ്ദേഹത്തെ വിട്ടയച്ചു
തീപിടിക്കുന്ന വസ്തുക്കൾ ട്രെയിനുകൾക്കുള്ളിൽ കൊണ്ടുപോകരുതെന്നും വിളക്കുകൾ, മെഴുകുതിരികൾ, ധൂപവർഗ്ഗങ്ങൾ എന്നിവ കത്തിക്കരുതെന്നും സെൻട്രൽ റെയിൽവേ യാത്രക്കാരോട് അഭ്യർത്ഥിച്ചു. ഇത്തരം പ്രവൃത്തികൾ തീപിടുത്തത്തിന് കാരണമാവുകയും യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യുമെന്ന് റെയിൽവേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

