കൊച്ചി : ഓണാഘോഷത്തിന്റെ ഭാഗമായി പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് പെൺകുട്ടി. മനപൂർവ്വം ചെയ്തതല്ലെന്നും ജോലി സംബന്ധമായ നിരാശയ്ക്കിടെ അറിയാതെ കാലു തട്ടിയതാണെന്നുമാണ് പെൺകുട്ടിയുടെ വിശദീകരണം . എറണാകുളം പാലാരിവട്ടം മെട്രോ പില്ലർ 545 ന് സമീപമുള്ള ‘ മൈഥിലി ‘ എന്ന കെട്ടിടത്തിന് മുന്നിലിട്ട പൂക്കളമാണ് പെൺകുട്ടി ചവിട്ടിത്തെറിപ്പിച്ചത്.
കെട്ടിടത്തിലെ വിവിധ സ്ഥാപനങ്ങൾ ചേർന്ന് ഉത്രാടനാളിൽ ഒരുകിയ പൂക്കളമാണ് അലങ്കോലമാക്കിയത് .ജീവനക്കാർ ഉച്ചയൂണ് കഴിക്കാൻ പോയ സമയത്തായിരുന്നു സംഭവം . ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് പ്രതിഷേധം ശക്തമായത്. സംഭവത്തില്‍ ബിഎന്‍എസ് 192 വകുപ്പ് പ്രകാരം പാലാരിവട്ടം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് മാപ്പപേക്ഷയുമായി പെണ്‍കുട്ടി നേരിട്ട് രംഗത്തെത്തിയത്.
മാനസികസമ്മർദ്ദം മൂലമുണ്ടായ അബദ്ധമാണെന്നും, മതവികാരം വ്രണപ്പെടുത്താൻ ചെയ്തതെല്ലെന്നും പെൺകുട്ടി പറഞ്ഞു. ‘ വലിയ വിവാദമായതിൽ എനിക്ക് വിഷമമുണ്ട്.ഞാൻ ചെയ്തത് തെറ്റാണെന്ന് മനസിലാക്കുന്നു. ഹിന്ദുസമൂഹത്തോടും എല്ലാവരോടും ഞാൻ മാപ്പ് ചോദിക്കുന്നു. ഞാനും മലയാളിയാണ്. ഒപ്പമുണ്ടായിരുന്ന മാതാവിന് ഇതിൽ ഒരു പങ്കുമില്ല . തെറ്റ് പൂർണ്ണമായും തന്റെ ഭാഗത്താണ് ഉണ്ടായതെന്നും ‘ പെൺകുട്ടി പറഞ്ഞു.

