കാന്തപുരം എ പി അബൂബക്കർ മുസലിയാർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശ പരമ്പര കേരളത്തിന്റെ നാലതിരുകളും കടന്ന് ദേശീയ മാധ്യമങ്ങളിൽ വരെ ചർച്ചയാകുന്നു. അന്യപുരുഷന്മാർക്കിടയിലും പൊതുഇടങ്ങളിലും സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സമസ്ത മഹല്ലുകൾക്ക് അയച്ച സർക്കുലറാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പിന്നാലെ കൊച്ചിയിൽ നടന്ന ഹുബ്ബുൽ റസൂൽ സമ്മേളനത്തിൽ സംസാരിക്കവെ, സ്ത്രീകൾ പൊതുരംഗത്തുനിന്ന് മാറിനിൽക്കണമെന്ന നിലപാട് കാന്തപുരം ആവർത്തിച്ചു. സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണം, പൊതുരംഗത്തേക്ക് വന്നാൽ വലിയ നാശമുണ്ടാകുമെന്നായിരുന്നു കാന്തപുരത്തിന്റെ വാക്കുകൾ.
ഇത് ആദ്യമായല്ല മതത്തെ ചാരി കാന്തപുരം സ്ത്രീവിരുദ്ധ നിലപാട് പറയുന്നത്. ലിംഗനീതി അനിസ്ലാമികമാണെന്നും അത് മാനവികതയ്ക്ക് വിരുദ്ധമാണെന്നും ഇതിന് മുൻപ് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സമാനമായ മറ്റ് പല പരാമർശങ്ങളും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും പലകാലങ്ങളിലും ഉണ്ടായിട്ടുണ്ട്. അതേസമയം കർണാടകയിലെ ബിജെപി സർക്കാർ 2022ൽ ക്ലാസ് മുറികളിൽ ഹിജാബ് നിരോധിച്ചപ്പോൾ, കാന്തപുരം സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചു. ഹിജാബ് നിരോധനം മുസ്ലിം സ്ത്രീകളോടുള്ള വിവേചനമാണെന്നും, ഹിജാബ് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള മുസ്ലിം സ്ത്രീകളുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും കാന്തപുരം നിലപാട് സ്വീകരിച്ചിരുന്നു.
കാന്തപുരം ഖുർആനെ ഉദ്ധരിച്ച് ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നത് പതിവായതിനാൽ തന്നെ ഈ വാർത്തയ്ക്ക് വലിയ പുതുമയില്ല. എന്നാൽ, ഇതിലെ ഏറ്റവും വലിയ തമാശ എന്തെന്നാൽ, ഈ വിഷയത്തിൽ കേരളത്തിലെ പ്രധാന രാഷ്ട്രീയ മുന്നണികളും സ്വയം പ്രഖ്യാപിത സാംസ്കാരിക നായകരും ഫെമിനിസ്റ്റുകളും മാധ്യമ ജഡ്ജികളും സ്വീകരിച്ചിരിക്കുന്ന നിലപാടുകളിലെ വൈരുദ്ധ്യങ്ങളാണ്. വിഷയത്തിൽ കേരള മുഖ്യമന്ത്രി വി ഡി സതീശൻ ഇതുവരെ കമാ എന്നൊരു അക്ഷരം ഉരിയാടിയിട്ടില്ല. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം വൻ തമാശയായിരുന്നു. അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ നിലപാടാണ് എന്ന ഒഴുക്കൻ മട്ടിലെ പ്രതികരണമായിരുന്നു ചെന്നിത്തലയുടേത്. പാട്രിയാർക്കിയെ ഭസ്മീകരിക്കാൻ രാജ്യത്തെ സ്ത്രീകളോട് വാക്കുകളിൽ തീയാളി രാഹുൽ ഗാന്ധി ആഞ്ഞടിക്കുകയും തുടർന്ന് കോൺഗ്രസ് പ്രവർത്തകർ സ്ത്രീവിരുദ്ധ ഗ്രന്ഥമെന്ന് ആരോപിച്ച് ആർ എസ് എസ് ആസ്ഥാനത്ത് മനുസ്മൃതി കത്തിക്കുകയും ചെയ്യുന്നതിനിടയിലാണ് കേരളത്തിൽ ഈ വക ബൂമറാംഗ് കളികൾ എന്നതോർക്കണം.
ശബരിമലയിൽ യുവതീപ്രവേശനം നടത്തി പി എസ് സി റാങ്ക് ഫയലുകളിലെ നവോത്ഥാന നായകൻ പ്രോ ആകാൻ, പർദ്ദ ധരിച്ച സ്ത്രീകളെ ഉൾപ്പെടെ അണിനിരത്തി നവോത്ഥാന മതിൽ പണികഴിപ്പിച്ച മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ സംഭവം ഒന്നും അറിഞ്ഞ മട്ടില്ല. അതേസമയം, ഇസ്ലാമിക പണ്ഡിതൻ എന്ന നിലയിൽ കാന്തപുരത്തിന് ഇതൊക്കെ പറയാൻ അവകാശമുണ്ടെന്നായിരുന്നു അഭിനവ ഇടത് സൈദ്ധാന്തികനായ മുൻ സിമി നേതാവ് കെ ടി ജലീലിന്റെ പ്രതികരണം. സംഗതി സ്ത്രീവിരുദ്ധതയാണെന്ന് സമ്മതിച്ച ശ്രീമതി ടീച്ചർ ആകട്ടെ, കാന്തപുരത്തിന്റെ വാക്കുകൾ എടുത്ത് ആർ എസ് എസിന്റെ വായിൽ തിരുകാനാണ് ശ്രമിച്ചത്. ശോഭാ സുരേന്ദ്രൻ ഈ പൊള്ളത്തരത്തെ പരിഹസിച്ച് രംഗത്ത് വന്നതിൽ പിന്നെ ടീച്ചർ ഇക്കാര്യത്തിൽ ഒന്നും മിണ്ടിയിട്ടില്ല.
സംഭവത്തിലെ മറ്റൊരു ശ്രദ്ധേയമായ പ്രതികരണം മുസ്ലിം ലീഗിന്റെ ഭാഗത്ത് നിന്നുമായിരുന്നു. സ്ത്രീകളുടെ സുരക്ഷയാണ് കാന്തപുരം ഉദ്ദേശിച്ചതെന്നും നിലവിലെ സാഹചര്യത്തിൽ സ്ത്രീകളാണ് കൂടുതലായി വേട്ടയാടപ്പെടുന്നതെന്നുമായിരുന്നു ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. സമാനമായ പ്രതികരണമാണ് യൂത്ത് ലീഗ് നേതൃത്വവും നടത്തിയത്. കാന്തപുരത്തെ ന്യായീകരിച്ച് ഇടത് മുന്നണിയുടെ ഭാഗമായ ഐ എൻ എൽ രംഗത്ത് വന്നതും ശ്രദ്ധേയമാണ്. മതപണ്ഡിതർക്ക് അവരുടെ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ അവകാശമുണ്ടെന്ന് കേരള മുസ്ലിം ജമാഅത്തും ഓൾ ഇന്ത്യാ ഇമാം അസോസിയേഷനും വ്യക്തമാക്കി. അതേസമയം ലീഗിലെ നിലപാടുകളുടെ സുൽത്താൻ കെ എം ഷാജി ഇക്കാര്യത്തിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ആവർത്തിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് തട്ടിക്കയറുകയും ചെയ്തു. ഫാത്തിമ തെഹ്ലിയ ഉൾപ്പെടെയുള്ള വനിതാ ലീഗ് നേതാക്കളും മൗനത്തിലാണ്.
മറുവശത്ത് കാന്തപുരത്തിന്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് ബിജെപി രംഗത്തെത്തി. പതിനാറാം നൂറ്റാണ്ടിൽ പോലും നടക്കാത്ത മതശാസനയാണ് കാന്തപുരം പുറപ്പെടുവിച്ചിരിക്കുന്നതെന്നും അത് ഈ കേരളത്തിൽ വിലപ്പോവില്ലെന്നും ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞു. വിഷയത്തെ അപലപിക്കാൻ ധൈര്യമില്ലാത്ത ഭരണ, പ്രതിപക്ഷ നേതാക്കൾക്ക് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയാണോ എന്നും സുരേന്ദ്രൻ ചോദിച്ചു. ബിജെപിയുടെ യുവനേതാക്കളാകട്ടെ, സാമൂഹിക മാധ്യമങ്ങളിൽ ശക്തമായ പ്രതികരണങ്ങൾക്കൊപ്പം ട്രോളുകളുമായി കളം നിറയുകയാണ്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, വിഷയത്തിൽ കെ കെ ശൈലജ, പി ജയരാജൻ, ഷമ മുഹമ്മദ് തുടങ്ങിയ നേതാക്കൾ നടത്തിയ ധീരമായ പ്രതികരണങ്ങൾ വേറിട്ട് നിന്നു. നിലപാട് റാണിമാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമ ജഡ്ജികളുടെ നിസ്സഹായതയും ചിരിക്ക് വക നൽകുന്നതാണ്. വിഷയം ചർച്ച ചെയ്യാൻ എടുത്തപ്പോൾ പരിധി വിട്ട് പോയതിൽ ഒരു പ്രമുഖ നിലപാട് റാണി പരസ്യമായി, അതും ചാനലിന്റെ ലെറ്റർ ഹെഡിൽ മാപ്പപേക്ഷയുമായി രംഗത്ത് വന്നതും പ്രബുദ്ധ കേരളം മൂക്കത്ത് വിരൽ വെച്ച് നോക്കി നിന്നു. ഖേദപ്രകടനം, ക്ഷമാപണം, മാപ്പപേക്ഷ എന്നിവയുടെ പര്യായമായി ഷൂ നക്കൽ എന്ന പ്രയോഗം കൂടി സാമാന്യവത്കരിക്കപ്പെട്ട ഉത്തരാധുനീക മലയാള വ്യവഹാരത്തിൽ ഈ മാപ്പപേക്ഷ കാന്തപുരത്തിന്റെ പ്രസ്താവനകൾക്കൊപ്പം ബഹിരാകാശത്ത് പര്യടനം തുടരുകയാണ്.

