തിരുവനന്തപുരം : ഓണം സ്പെഷ്യൽ സർവീസുകളിൽ കെ എസ് ആർ ടി സിയ്ക്ക് മികച്ച നേട്ടം . ചതയദിനമായ വെള്ളിയാഴ്ച്ച എട്ട് കോടിയാണ് വരുമാനം. മുൻ വർഷങ്ങളെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിലും വർധനവ് ഉണ്ടായി.
ഉത്രാടദിനത്തിൽ, 9.34 ലക്ഷം സ്ത്രീകൾ പ്രിയദർശിനി ബസിൽ യാത്ര ചെയ്തു. ആ ദിവസത്തെ ആകെ വരുമാനം ₹7.88 കോടിയായിരുന്നു . ഇതിൽ 2.04 കോടി രൂപയുടെ പ്രിയദർശിനി സൗജന്യ ടിക്കറ്റുകളും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം ഉത്രാടദിനത്തിൽ 19.31 ലക്ഷം പേരാണ് കെ എസ് ആർ ടി സിയിൽ യാത്രക്കാരായി ഉണ്ടായിരുന്നത്. 7.57 കോടി വരുമാനവുമുണ്ടായിരുന്നു.
തിരുവോണദിനത്തിൽ, കെ.എസ്.ആർ.ടി.സി. 2,597 ബസുകൾ സർവീനിറക്കി. 12.95 ലക്ഷം പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. അവിട്ടം ദിനത്തിൽ , 3,490 ബസുകൾ സർവീസ് നടത്തി. 19.91 ലക്ഷം യാത്രക്കാരുമുണ്ടായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ യാത്രക്കാരുടെ എണ്ണം 17.81 ലക്ഷമായിരുന്നു. തിരക്കുകൾ മുൻ കൂട്ടി കണ്ട് അധിക സർവീസുകൾ ക്രമീകരിച്ചതും യാത്രക്കാരുടെ സൗകര്യാർഥം ഫലപ്രദമായ സർവീസ് പ്ലാനിങ് നടപ്പാക്കിയതുമാണ് നേട്ടത്തിന് കാരണമായതെന്ന് കെ എസ് ആർ ടിസി അധികൃതർ പറയുന്നു.

