കൊച്ചി: മരണത്തിന്റെ മുനമ്പിൽ നിന്ന് ജീവന്റെ വെളിച്ചത്തിലേയ്ക്ക് തിരികെയെത്തിയ 31 അംഗ മലയാളി സംഘം തിരികെ വീടുകളിലേയ്ക്ക്. നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെട്ടവരാണ് ഇന്ന് പുലർച്ചെ നാട്ടിലെത്തിയത് . കൊച്ചിയിൽ നിന്ന് യാത്രാ പാക്കേജിൽ നേപ്പാളിലേക്ക് പോയ യാത്രക്കാർ ദുരന്തം നേരിട്ട് കണ്ടതിന്റെ ഞെട്ടലിലാണ് ഇപ്പോഴും . കണ്ണൂരിൽ നിന്നുള്ള ഒരു സംഘവും ഇന്ന് ഉച്ചയ്ക്ക് നാട്ടിലേക്ക് മടങ്ങും.
നേപ്പാളിലെ വെള്ളപ്പൊക്കം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴും എട്ട് മലയാളികൾ ഉൾപ്പെടെ 287 ഇന്ത്യക്കാരെ ഇനിയും കണ്ടെത്താനുണ്ട്. കോയമ്പത്തൂർ ഇഷ ഫൗണ്ടേഷനിൽ നിന്ന് മാനസസരോവർ തീർത്ഥാടനത്തിന് പോയവർ ഉൾപ്പെടെ 128 ഇന്ത്യക്കാരെയും കാണാതായിട്ടുണ്ട്. 3,000-ത്തിലധികം പേരെ ഇതുവരെ കണ്ടെത്താനുണ്ടെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നു.
വൈദ്യുതി പദ്ധതി മേഖലകളിൽ ജോലി ചെയ്തിരുന്ന 933 തൊഴിലാളികളെയും കണ്ടെത്താനായില്ല . ത്രിശൂലി പവർ പ്രോജക്ട് മേഖലയിലെ തുരങ്കത്തിൽ കൂടുതൽ ഇന്ത്യൻ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയവുമുണ്ട് . തുരങ്ക രക്ഷാപ്രവർത്തനത്തിൽ വൈദഗ്ദ്ധ്യമുള്ള രണ്ട് സംഘങ്ങൾ ഇന്ത്യയിൽ നിന്ന് എത്തി തിരച്ചിൽ ആരംഭിച്ചു.
റസുവ ജലവൈദ്യുത പദ്ധതി പ്രദേശത്ത് നിന്ന് ഇന്നലെ നാല് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. ആകെ 88 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ചൈനീസ് ഭാഗത്ത് കുടുങ്ങിക്കിടക്കുന്ന 120 ഇന്ത്യക്കാർ നേപ്പാളിൽ എത്തിയെന്നതും ആശ്വാസകരമാണ്. 704 മൃതദേഹങ്ങൾ കണ്ടെടുത്തതായി അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

