കൊച്ചി : രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ തൃക്കാക്കര എം എൽ എ ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ . രാവിലെ കണ്ണ് തുറന്നു. കാലു ചലിപ്പിക്കാനും കയ്യിൽ മുറുകെ പിടിക്കാനും പറഞ്ഞപ്പോൾ അനുസരിച്ചു. ട്യൂബിട്ടതിനാൽ സംസാരിക്കാൻ കഴിയില്ല.
രാവിലെ ആറേമുക്കാലിനു രണ്ടു മക്കളും ഉമ തോമസിനെ കണ്ടിരുന്നു. തുടർന്ന് മക്കള് ‘അമ്മേ’ എന്നു വിളിച്ചപ്പോഴാണ് കണ്ണ് അനക്കി ഉമ തോമസ് പ്രതികരിച്ചത്. കൈയിൽ മുറുക്കെ പിടിക്കാൻ പറഞ്ഞപ്പോൾ അതിനു ശ്രമിച്ചെന്നും മൂത്ത മകൻ വിഷ്ണു പറഞ്ഞു.എന്നാൽ വിളികളോട് പ്രതികരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്വന്തമായ രീതിയിൽ പ്രതികരിക്കുന്ന വിധത്തിലേക്ക് മാറേണ്ടതുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.
വാരിയെല്ല് പൊട്ടിയതിനാൽ അണുബാധയ്ക്ക് സാധ്യതയുണ്ട്. ശ്വാസകോശത്തിലെത്തിയ രക്തം ഇനിയും പൂർണമായി മാറ്റാനായിട്ടില്ല. അത് ആന്റിബയോട്ടിക്കിലൂടെ മാറ്റണം. ഗുരുതരാവസ്ഥയിലാണെന്നും വെന്റിലേറ്ററിൽനിന്ന് മാറ്റി 24 മണിക്കൂർ കഴിഞ്ഞാലേ ഗുരുതരാവസ്ഥയിൽനിന്ന് മാറി എന്നു പറയാൻ കഴിയൂ എന്നും ഡോക്ടർമാർ പറഞ്ഞു.അതിനൊപ്പം, അണുബാധ കുറച്ചു കൊണ്ടുവരുന്നതിനും പുതിയ അണുബാധയുണ്ടാകാതെ നോക്കുകയുമാണ് ചെയ്യുന്നത് എന്നും ഡോക്ടർമാർ പറഞ്ഞു.