തിരുവനന്തപുരം : പതിറ്റാണ്ടുകളായി കേരള പൊലീസിന് പിടികിട്ടാത്ത സമസ്യയായിരുന്നു സുകുമാരക്കുറുപ്പ്. ഒടുവിൽ ഇക്കാര്യത്തിൽ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് പൊലീസ് .
സുകുമാരക്കുറുപ്പ് ജീവനോടെയില്ലെന്നാണ് പുതിയ അന്വേഷണ സംഘത്തിന്റെ നിഗമനം . കുറച്ചുകൂടി വിശദാംശങ്ങൾ പരിശോധിച്ച് അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷം അന്വേഷണം അവസാനിപ്പിക്കാനാണ് സംഘം ആലോചിക്കുന്നത്. അന്വേഷണ സംഘം ഉടൻ തന്നെ ഈ വിഷയത്തിൽ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം.
ദീർഘകാലമായി കെട്ടിക്കിടക്കുന്ന കേസുകൾ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് മൂന്ന് മാസം മുമ്പ് ഈ കേസിലും അന്വേഷണം പുനരാരംഭിച്ചിരുന്നു. ജാർഖണ്ഡിൽ നഴ്സായി ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശി രത്നമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുറുപ്പ് മരിച്ചുവെന്ന നിഗമനത്തിലെത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ കുറുപ്പിനെ കണ്ട ഏക മലയാളിയും രത്നമ്മയായിരുന്നുവെന്നാണ് റിപ്പോർട്ട്.
രത്നമ്മ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ഐസിയുവിൽ ഹൃദ്രോഗബാധിതനായി എത്തിയ സുകുമാര കുറിപ്പ് ചികിത്സ തേടിയിരുന്നു. അന്ന് കുറുപ്പിന് ഏകദേശം 40 വയസ്സായിരുന്നു. സംഭവം നടന്ന് ഏകദേശം 40 വർഷം കഴിഞ്ഞു. അദ്ദേഹത്തിന്റെ ഹൃദയസംബന്ധമായ അവസ്ഥ കണക്കിലെടുക്കുമ്പോൾ, ഇത്രയും വർഷങ്ങൾ അദ്ദേഹം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു. ഭാര്യയ്ക്കും മറ്റ് ബന്ധുക്കൾക്കും പോലും സുകുമാര കുറുപ്പുമായി യാതൊരു ബന്ധവുമില്ലായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
1984 ജനുവരി 22 ന് ചാക്കോ എന്ന യുവാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, കാറിനുള്ളിൽ മൃതദേഹം കത്തിച്ച കേസിലാണ് പൊലീസ് സുകുമാരക്കുറുപ്പിനെ തേടുന്നത് . താനാണ് മരിച്ചതെന്ന് വരുത്തി തീർത്ത് ഇൻഷുറൻസ് തുക കൈക്കലാക്കാനായിരുന്നു കുറുപ്പിന്റെ ശ്രമം.

