ന്യൂഡൽഹി : ഒഡീഷ തീരത്ത് ബംഗാൾ ഉൾക്കടലിൽ പനാമ പതാകയുമായി സഞ്ചരിച്ചിരുന്ന എംവി ഓഷ്യൻ വിന്നർ എന്ന ചരക്ക് കപ്പൽ മുങ്ങി. 20 ചൈനീസ് പൗരന്മാരും മൂന്ന് മ്യാൻമർ പൗരന്മാരും ഒരു ബംഗ്ലാദേശ് സ്വദേശിയും ഉൾപ്പെടെ 24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇന്ത്യൻ കോസ്റ്റ് ഗാർഡ് രണ്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്, ബാക്കിയുള്ള ജീവനക്കാർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കണക്കനുസരിച്ച്, എംവി ഓഷ്യൻ വിന്നറുമായുള്ള ബന്ധം മുങ്ങുന്നതിന് മുമ്പ് നഷ്ടപ്പെട്ടിരുന്നു . ഒഡീഷയിലെ പാരദ്വീപ് തീരത്ത് നിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ മുങ്ങിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.സിംഗപ്പൂരിലേക്ക് ഇരുമ്പയിരുമായി പോകുകയാരുന്ന കപ്പൽ വെള്ളിയാഴ്ചയാണ് ഒഡീഷ തീരത്ത് നിന്ന് പുറപ്പെട്ടത് . രണ്ട് പേരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു.
കപ്പൽ മുങ്ങിയതിനെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഇന്ത്യൻ നാവികസേനയും സംയുക്ത തിരച്ചിൽ, രക്ഷാപ്രവർത്തനം ആരംഭിച്ചു. സമീപത്തുള്ള മറ്റ് കപ്പലുകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കപ്പൽ മുങ്ങിയതിന്റെ കൃത്യമായ കാരണവും സാഹചര്യവും വ്യക്തമായിട്ടില്ല.

