ചെന്നൈ : ‘തൈമാമൻ സ്വർണ്ണ മോതിര പദ്ധതി’യ്ക്കായി വിതരണ ഓർഡറുകൾ പുറത്തിറക്കി തമിഴ്നാട് സർക്കാർ . ഏകദേശം 220 കോടി രൂപ വിലമതിക്കുന്ന ഏകദേശം 1.28 ലക്ഷം 22 കാരറ്റ് സ്വർണ്ണ മോതിരങ്ങൾക്കുള്ള വിതരണ ഓർഡറുകളാണ് പുറത്തിറക്കിയത് . സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കായുള്ള പദ്ധതിയാണ് ‘തൈമാമൻ സ്വർണ്ണ മോതിര പദ്ധതി’ .
ആദ്യ നാല് മാസങ്ങളിൽ 1 ലക്ഷത്തിലധികം സ്വർണ്ണ മോതിരങ്ങൾ ആവശ്യമാണ്. ദ്രാവിഡ നേതാവ് സി എൻ അണ്ണാദുരൈയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 15 ന് പദ്ധതി ആരംഭിക്കും. ജൂൺ 22 ന് ശേഷം സർക്കാർ ആശുപത്രികളിൽ ജനിച്ച നവജാതശിശുക്കൾക്ക് ഈ ആനുകൂല്യം വഴി സ്വർണ്ണമോതിരങ്ങൾ ലഭിക്കും.
പ്രാഥമിക കണക്കുകൾ പ്രകാരം, ഒരു ഗ്രാം ഭാരമുള്ള 1,28,499 മോതിരങ്ങൾക്ക് ഏകദേശം 220 കോടി രൂപ ചിലവാകും. ഒരു വർഷം മുഴുവൻ 4,41,667 മോതിരങ്ങൾ വാങ്ങാൻ സർക്കാർ 755.83 കോടി രൂപയുടെ ബജറ്റ് വിഹിതം നീക്കിവച്ചിട്ടുണ്ട്.വാങ്ങുന്ന സമയത്തെ മാർക്കറ്റ് നിരക്കുകൾ സർക്കാർ നൽകേണ്ടി വരും.
തമിഴ്നാട് മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് 70:30 എന്ന അനുപാതത്തിൽ കരാർ നൽകിയത് . 89,949 മോതിരങ്ങളുടെ ഓർഡർ ജോയ്ആലുക്കാസിനും 38,550 മോതിരങ്ങളുടെ ഓർഡർ കല്യാൺ ജ്വല്ലേഴ്സിനും നൽകി. ഗ്രാമിന് നിലവിലെ വിപണി വില ഏകദേശം 14,850 രൂപയാണെന്നാണ് സൂചന.

