ആലപ്പുഴ : പുന്നമട തടാകത്തിൽ നടന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് നേടി അരോമ ചുണ്ടൻ . ഫൈനലിൽ 4:23.328 സമയം കൊണ്ട് അരോമ ഫിനിഷ് ചെയ്തു. അരോമയുടെ കന്നിയങ്കമാണിത്. 4:23.448 സമയം കൊണ്ട് നടുഭാഗം രണ്ടാം സ്ഥാനത്തും, 4:23.770 സമയം കൊണ്ട് വീയപുരം മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. 4:24.015 സമയം കൊണ്ട് മേൽപ്പാടം നാലാം സ്ഥാനത്തെത്തി.
22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 71 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിൽ പങ്കെടുത്തത്. മുഖ്യമന്ത്രി വി.ഡി. സതീശൻ വള്ളംകളി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രിമാരായ രമേശ് ചെന്നിത്തല, എം. ലിജു, പി.സി. വിഷ്ണുനാഥ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എംപിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ ഹീറ്റ്സോടെയാണ് പരിപാടികൾ ആരംഭിച്ചത്. ഉദ്ഘാടന സെഷനുശേഷം മാസ് ഡ്രിൽ നടന്നു. ചെറുവള്ളങ്ങളുടെ ഹീറ്റ്സിനുശേഷം ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ നടന്നു. നെഹ്റു ട്രോഫി വിജയികൾക്ക് 25 ലക്ഷം രൂപ സമ്മാനത്തുക ലഭിക്കും.

