മുംബൈ : വന്ദേമാതരവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി എ.ഐ.എം.ഐ.എം നേതാവ് വാരിസ് പത്താൻ . തൂക്കിലേറ്റപ്പെട്ടാലും വന്ദേമാതരം പാടില്ലെന്നാണ് വാരിസ് പത്താൻ പറയുന്നത്. വന്ദേമാതരത്തെ നമ്മൾ ബഹുമാനിക്കുന്നുണ്ടെങ്കിലും അത് ആരുടെയും മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും പത്താൻ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ പേര് പരാമർശിക്കാതെ അദ്ദേഹത്തെയും വാരിസ് പത്താൻ ലക്ഷ്യം വച്ചു. ജെൻസെഡിന്റെയും വിദ്യാർത്ഥികളുടെയും പേരിൽ രാഷ്ട്രീയം കളിക്കരുത്. വിദ്യാർത്ഥി പ്രസ്ഥാനത്തിന് ശേഷം സർക്കാരിന് തലകുനിക്കേണ്ടിവന്നു . ഞങ്ങൾ വിദ്യാർത്ഥികളോടൊപ്പമാണ് നിൽക്കുന്നത്. എന്നാൽ ഈ വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്നും വാരിസ് പത്താൻ പറഞ്ഞു.
എല്ലാവരും മറാത്തി പഠിക്കുന്നത് നല്ലതാണ് , എന്നാൽ അതിന്റെ പേരിൽ ഭീഷണിപ്പെടുത്തുന്നത് ശരിയല്ല. ധൈര്യമുണ്ടെങ്കിൽ ബോളിവുഡ് സിനിമാ താരങ്ങൾക്കും പ്രമുഖ വ്യവസായികൾക്കും മറാത്തി നിർബന്ധമാക്കണമെന്ന് അദ്ദേഹം സർക്കാരിനെ വെല്ലുവിളിച്ചു.
ഈദ്-ഇ-മിലാദ് ദിനത്തിൽ മഹാരാഷ്ട്രയിൽ ഒരു ദിവസത്തെ മദ്യനിരോധനം വേണമെന്നും വാരിസ് പത്താൻ ആവശ്യപ്പെട്ടു. രാജ്യത്ത് തുല്യത നിലനിൽക്കുന്നുണ്ടെങ്കിൽ, ഭരണഘടന എല്ലാവർക്കും വേണ്ടിയാണെങ്കിൽ, ഹിന്ദു ഉത്സവങ്ങളിൽ മദ്യവും മാംസവും വിൽക്കുന്നത് നിരോധിച്ചിരിക്കുന്നതുപോലെ, ഓഗസ്റ്റ് 26 ന് ഈദ്-ഇ-മിലാദ് ദിനത്തിൽ മഹാരാഷ്ട്രയിൽ മദ്യശാലകൾ അടച്ചിടണമെന്നും അദ്ദേഹം പറഞ്ഞു.

