ന്യൂഡൽഹി ; ജന്തർ മന്തർ പ്രതിഷേധത്തിനിടെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചുവെന്നാരോപിച്ച്, സാഹിൽ ലോച്ചവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പോലീസ് വെള്ളിയാഴ്ച അജ്ഞാതരായ വ്യക്തികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച പാർലമെന്റ് സ്ട്രീറ്റ് ഡിസിപി ഓഫീസിന് മുന്നിൽ സമരം നടത്തിയിരുന്നു.
നേരത്തെ രാഹുൽ ഗാന്ധി പോലീസ് ഉദ്യോഗസ്ഥരെ കണ്ട് വിഷയത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു . ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ ചില ഡൽഹി പോലീസ് ഉദ്യോഗസ്ഥർ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചതായും നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായും അദ്ദേഹം ആരോപിച്ചു. എന്നാൽ സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും, കേസ് രജിസ്റ്റർ ചെയ്യുന്നതിൽ താമസം ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചിരുന്നു. തുടന്നാണ് രാഹുൽ പ്രതിഷേധം ഡിസിപി ഓഫീസിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തിയത് . പെല്ലറ്റ് ഗൺ കേസിൽ എഫ്ഐആർ ഫയൽ ചെയ്യുന്നത് വരെ പോലീസ് സ്റ്റേഷനിൽ തുടരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു
കോൺഗ്രസ് പ്രവർത്തകരും , പ്രിയങ്കാഗാന്ധിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് സമ്മതിക്കുകയായിരുന്നു. സാഹിൽ ലോച്ചവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, പോലീസ് അജ്ഞാതരായ ആളുകൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കും . എഫ്ഐആറിലെ വകുപ്പുകളുടെയും അന്വേഷണത്തിലെ കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ തുടർ നടപടികൾ ഉണ്ടാകും.

