ന്യൂഡൽഹി : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ യുഎസ് സന്ദർശനത്തിന് അനുമതി നിഷേധിച്ചതിൽ പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് അനുയോജ്യമായ പരിപാടിയല്ലാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
പതിവ് പത്രസമ്മേളനത്തിനിടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം . മുഖ്യമന്ത്രിമാരുടെയും മറ്റ് വിശിഷ്ടാതിഥികളുടെയും സന്ദർശനങ്ങൾ രാഷ്ട്രീയ അനുമതിക്കായി വിദേശകാര്യ മന്ത്രാലയം അവലോകനം ചെയ്യുമെന്നും ജയ്സ്വാൾ പറഞ്ഞു .
സന്ദർശനം നടത്തുന്ന ആൾ വഹിക്കുന്ന പദവിയ്ക്കും, സന്ദർശനത്തിന്റെ ലക്ഷ്യത്തിനും അനുയോജ്യമായിരിക്കണം നിർദിഷ്ട പരിപാടികൾ . എന്നാൽ രേവന്ത് റെഡ്ഡിയുടെ വിഷയത്തിൽ അത് അങ്ങനെ ആയിരുന്നില്ല. അതിനാണ് അനുമതി നിഷേധിക്കപ്പെട്ടത്. അതേസമയം രേവന്ത് റെഡ്ഡിയുടെ യുകെ സന്ദർശനത്തിന് അനുമതി നൽകിയിട്ടുണ്ടെന്നും ജയ്സ്വാൾ പറഞ്ഞു.
കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതിന് പിന്നാലെ യുഎസ് സന്ദർശനം രേവന്ത് റെഡ്ഡി റദ്ദാക്കിയിരുന്നു. നിലവിൽ യുകെയിലുള്ള രേവന്ത്, അമേരിക്കൻ സന്ദർശനം ഒഴിവാക്കി ഞായറാഴ്ച ലണ്ടനിൽനിന്ന് ഹൈദരാബാദിലേക്ക് എത്തുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിട്ടുമുണ്ട്.

