കണ്ണൂർ : ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. ഏഴ് വർഷത്തിനുള്ളിൽ 9 ക്രിമിനൽ കേസുകളിലാണ് അർജുൻ ആയങ്കി പ്രതിയായത്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശ ജില്ലാ കലക്ടര്‍ പി. വിഷണുരാജ് അംഗീകരിച്ചു.
അർജുൻ ആയങ്കി സമൂഹത്തിന് ഭീഷണിയാണെന്നും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന അർജുൻ ജാമ്യം ലഭിച്ചാല്‍ തുടര്‍ന്നും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്ന് ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ അത് തടയാനായാണ് കാപ്പ ചുമത്തുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്.
അർജുൻ ആയങ്കിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് മുമ്പാകെ ഹാജരാക്കാനും പൊലീസിന് നിർദേശം നൽകി . കരുതൽ തടങ്കലിന്റെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിൽ അടയ്ക്കാനാണ് ഉത്തരവ്.

