ചെന്നൈ; തെന്നിന്ത്യൻ നടി സൗകാർ ജാനകി (94) അന്തരിച്ചു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നടികർ സംഘം പ്രസിഡന്റ് നാസറാണ് മരണവാർത്ത പുറത്തുവിട്ടത്. ഇന്ന് വൈകുന്നേരം 5 മണി മുതൽ ചെന്നൈയിലെ തേനാംപേട്ടിലെ സെന്റാപ്പ് റോഡിലുള്ള വീട്ടിൽ പൊതുദർശനം നടക്കും. 70 വർഷത്തിലേറെയായി അഭിനയരംഗത്തുള്ള സൗക്കാർ ജാനകി 400-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് . 1955-ൽ പുറത്തിറങ്ങിയ സൗക്കർ എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് ശേഷമാണ് ജാനകി ഈ പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. തമിഴിലും തെലുങ്കിലും നിരവധി മുൻനിര സംവിധായകർക്കും നടന്മാർക്കുമൊപ്പം അവർ പ്രവർത്തിച്ചിട്ടുണ്ട്.
സൂര്യമാനസം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അമ്മയായി അഭിനയിച്ച് ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. പത്മശ്രീ, കലൈമാമണി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

