ടെഹ്റാൻ ; ഹോർമുസ് കടലിടുക്കിനെക്കുറിച്ചുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് തിരിച്ചടിയുമായി ഇറാൻ . ഹോർമുസ് കടലിടുക്കിന്മേൽ യുഎസിന് പൂർണ്ണ നിയന്ത്രണം ഉണ്ടെന്ന ട്രംപിന്റെ പ്രസ്താവന ഇറാൻ തള്ളി . ഹോർമുസ് കടലിടുക്ക് ഇറാന്റെ മാനേജ്മെന്റിനും നിയന്ത്രണത്തിനും കീഴിലാണെന്ന് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ബാസിജ് മിലിഷ്യയുടെ തലവനായ ഹൊസൈൻ തായ്ബ് പറയുന്നു.
ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ, രാജ്യം പൂർണ്ണ സുരക്ഷയോടെയാണ് മുന്നോട്ട് പോകുന്നതെന്നും ഹൊസൈൻ തായ്ബ് പറഞ്ഞു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും യുഎസ് അവകാശവാദത്തെ വിമർശിച്ചു. ഇന്റലിജൻസ് പരാജയങ്ങൾ കാരണമാണ് അമേരിക്ക ഇത്തരം തെറ്റായ കണക്കുകൂട്ടലുകൾ നടത്തുന്നതെന്ന് അരഘ്ചി എക്സിൽ കുറിച്ചു . ഇറാനെതിരായ യുഎസിന്റെ യുദ്ധത്തെയും ഇപ്പോൾ ഹോർമുസ് കടലിടുക്കിനെക്കുറിച്ചുള്ള നിലപാടിനെയും ഗുരുതരമായ തെറ്റായ കണക്കുകൂട്ടലുകൾ എന്ന് അരഘ്ചി വിശേഷിപ്പിച്ചു.
അതേസമയം ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതത്തിനുള്ള നിയന്ത്രണങ്ങൾ പ്രത്യേകിച്ച് യുഎസുമായും ഇസ്രായേലുമായും ബന്ധപ്പെട്ട കപ്പലുകൾക്ക് ബാധകമാണെന്നും ഇറാൻ പ്രസ്താവിച്ചു. ഇസ്രായേൽ, യുഎസുമായി ബന്ധപ്പെട്ട കപ്പലുകളെ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഇറാനിയൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി അംഗം ബെഹ്നാം സയീദി സ്റ്റേറ്റ് ടെലിവിഷനിൽ പറഞ്ഞു. “യുദ്ധത്തിലായാലും സമാധാനത്തിലായാലും” ഏത് സാഹചര്യത്തിലും ഇസ്രായേൽ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കാൻ അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

