ഇന്നത്തെ കാലഘട്ടത്തിൽ റഫ്രിജറേറ്ററുകൾ എല്ലാവരുടെയും വീട്ടിലെ അവശ്യവസ്തുവായി മാറിയിരിക്കുന്നു. എന്നാൽ, ഇവ കൃത്യമായി ഉപയോഗിക്കാതിരിക്കുകയും സ്ഥിരമായി പരിശോധിക്കാതിരിക്കുകയും ചെയ്താൽ അത് വൻ അപകടം ക്ഷണിച്ച് വരുത്തും .
അടുത്തിടെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ കത്തിനശിച്ച വാർത്തകളും പുറത്ത് വന്നിരുന്നു. ഫ്രിഡ്ജ് കംപ്രസ്സറിൻ്റെ തകരാറാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് ഫയർഫോഴ്സ് കണ്ടെത്തിയിരുന്നു.ഈയിടെയായി പലയിടത്തും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട്. റഫ്രിജറേറ്ററുകളിലെയും എസികളിലെയും കംപ്രസ്സറുകൾ പൊടുന്നനെ പൊട്ടിത്തെറിച്ച് വൻ നാശനഷ്ടങ്ങളും ജീവഹാനിയും ഉണ്ടാകുന്നു.
റഫ്രിജറേറ്ററുകൾ ആവർത്തിച്ച് തുറന്ന് ഉപയോഗിക്കുന്നതും വാതിലുകൾ കൃത്യമായി അടക്കാത്തതുമാണ് ഇതിന് പ്രധാന കാരണമെന്ന് സാങ്കേതിക വിദഗ്ധർ പറയുന്നു. എസിയിലും, റഫ്രിജറേറ്ററിലും പ്രവർത്തിക്കുന്ന പ്രധാന ഉപകരണമാണ് കംപ്രസർ. ഫ്രിഡ്ജിൽ ഗ്യാസ് അല്ലെങ്കിൽ വായു മർദ്ദം നിയന്ത്രിക്കാൻ ഇത് ഉപയോഗിക്കുന്നു.
പൊതുവെ പഴയ റഫ്രിജറേറ്ററുകൾ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. ഇവ പൊട്ടിത്തെറിക്കുന്നതിന് മുമ്പ് കംപ്രസർ വളരെ ചൂടാകും. റഫ്രിജറേറ്റർ മുഴുവൻ പൊട്ടിത്തെറിക്കില്ല. അതിലെ കംപ്രസർ മാത്രമാണ് പൊട്ടിത്തെറിക്കുന്നത്.
റഫ്രിജറേറ്റർ ശരിയായി പ്രവർത്തിക്കുമ്പോൾ കംപ്രസ്സറിൽ നിന്ന് ശബ്ദം വരാറുണ്ട്. എന്നാൽ റഫ്രിജറേറ്റർ ഉച്ചത്തിലുള്ള ശബ്ദം ഉണ്ടാക്കിയാൽ റഫ്രിജറേറ്ററിൽ സ്ഫോടനം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തിൽ നിങ്ങളുടെ റഫ്രിജറേറ്റർ കണ്ടൻസർ കോയിലുകൾ പതിവായി വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണെന്ന് വിദഗ്ധർ പറയുന്നു.