തിരുവനന്തപുരം: നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് പാരിസ്ഥിതികാനുമതി . കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിച്ചാൽ പദ്ധതി നിർമ്മാണ ഘട്ടത്തിലേക്ക് നീങ്ങും .
എക്സ്പെർട്ട് അപ്രൈസൽ കമ്മിറ്റിയുടെ ഇന്നത്തെ മീറ്റിങ്ങിലാണ് തീരുമാനമായത്. പദ്ധതിയ്ക്ക് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം പി പരിസ്ഥിതി മന്ത്രിയ്ക്ക് കത്ത് നൽകിയിരുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്നുള്ള ചരക്ക് നീക്കത്തിൽ ഔട്ടർ റിങ് റോഡ് നിർണ്ണായകമാകും.
പദ്ധതിക്കായി ഭൂമി വിട്ടുകൊടുക്കുന്ന ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനും ഇനി വഴിയൊരുങ്ങും . വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 62.7 കിലോമീറ്റർ നീളമുള്ള നാലുവരിപ്പാതയാണ് തയ്യാറാകുന്നത് . പദ്ധതി പൂർത്തിയാകുമ്പോൾ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ദേശീയ പാത ശൃംഖല, വ്യാവസായിക, ലോജിസ്റ്റിക്സ് ഹബ്ബുകൾ എന്നിവ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകും.
പദ്ധതിക്ക് 8,004.72 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത് . പദ്ധതി 24 ഗ്രാമങ്ങളിലൂടെ കടന്നുപോകും . ഇതുവരെ, 11 ഗ്രാമങ്ങളിൽ നിന്നായി ഏകദേശം 100 ഹെക്ടർ ഭൂമി ഏറ്റെടുത്തു കഴിഞ്ഞു, ബാക്കിയുള്ള 13 ഗ്രാമങ്ങളിൽ നിന്ന് ഏകദേശം 200 ഹെക്ടർ ഭൂമി ഇനിയും ഏറ്റെടുക്കേണ്ടതുണ്ട്. ഔട്ടർ റിംഗ് റോഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനായി കേരള സർക്കാർ ഇതിനകം 3,200 കോടി രൂപയുടെ വിഹിതം അനുവദിച്ചിട്ടുണ്ട്.

