ന്യൂഡൽഹി : രാഹുൽ ഗാന്ധി ആർഎസ്എസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി വിശ്വഹിന്ദു പരിഷത്ത് . ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ് ആർഎസ്എസ് എന്ന് വിഎച്ച്പി നേതാവ് അലോക് കുമാർ പറഞ്ഞു. ബിജെപിയെയും , ആർഎസ്എസിനെയും , പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുൽ കോമാളികളെന്ന് പറഞ്ഞ് അവഹേളിക്കാൻ ശ്രമിച്ചിരുന്നു. ഇത്തരം പ്രസ്താവനകൾ രാഹുൽ ഗാന്ധിയുടെ മാനസിക പാപ്പരത്തത്തെയാണ് കാണിക്കുന്നതെന്ന് അലോക് കുമാർ തിരിച്ചടിച്ചു.
“ജനാധിപത്യം മാന്യതയുടെ പ്രകടനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. രാഹുൽ ഗാന്ധി ഈ മാന്യത പാലിക്കുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ് ആർഎസ്എസ്. ഇന്ത്യ സംഘത്തെ വിശ്വസിക്കുന്നു. ആർഎസ്എസ് നേതാക്കളെ കോമാളികൾ എന്ന് വിളിക്കുന്നത് രാഹുൽ ഗാന്ധിയുടെ മാനസിക പാപ്പരത്തത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അദ്ദേഹത്തിന് യുക്തിയില്ല “ അലോക് കുമാർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവയ്ക്കുകയും ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഥാനമൊഴിയുകയും ചെയ്യുന്നതുവരെ പ്രതിപക്ഷത്തിന്റെ പോരാട്ടം തുടരുമെന്നായിരുന്നു ഇന്ന് രാഹുലിന്റെ പ്രസ്താവന. രാജ്യത്തെ നിരവധി ആളുകൾ ബിജെപി-ആർഎസ്എസിന് മുന്നിൽ ഭീരുക്കളെപ്പോലെ പെരുമാറിയിട്ടുണ്ട് . രാജ്യത്തിന്റെ തത്വശാസ്ത്രമോ ചരിത്രമോ മനസ്സിലാക്കാത്തവർക്കെതിരെയാണ് പോരാട്ടം.
ആവിഷ്കാരങ്ങളെ അടിച്ചമർത്തുന്നതിനെക്കുറിച്ച് ആർഎസ്എസ് സംസാരിക്കുന്ന ദിവസം, ഞാൻ അതിനെ പ്രതിരോധിക്കും. എന്തെങ്കിലും പറയാൻ ആഗ്രഹിക്കുന്നവരെ അത് പറയാൻ അനുവദിക്കണം . എല്ലാവർക്കും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കുമ്പോൾ, രാജ്യത്തിന്റെ ശക്തി ലോകത്തിന് മുന്നിൽ ദൃശ്യമാകും “ എന്നാണ് രാഹുലിന്റെ പ്രസ്താവന.

