കൊൽക്കത്ത : നേതാജി സുഭാഷ് ചന്ദ്രബോസിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ച് ബിജെപി എംപി നാഗേന്ദ്ര റേയ്ക്ക് പശ്ചിമ ബംഗാൾ സർക്കാർ നൽകിയ സംസ്ഥാനത്തെ സിവിലിയൻ ബഹുമതികളിലൊന്നായ ബംഗ ബിഭൂഷൺ പിൻവലിച്ചു.
നേതാജിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അപകീർത്തികരമോ അപമാനകരമോ ആയ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി സുവേന്ദു അധികാരി പോലീസിനോട് നിർദ്ദേശിച്ചതിനെ തുടർന്നാണ് നടപടി. എംപിമാർ, എംഎൽഎമാർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കും നിയമം ഒരുപോലെ ബാധകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
കൂച്ച് ബെഹാറിൽ നിന്നുള്ള എംപിയായ നാഗേന്ദ്ര റേ നേതാജിയുടെ നേതൃത്വത്തെയും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ നേതാജി സ്ഥാപിച്ച ഇന്ത്യൻ നാഷണൽ ആർമിയുടെ പങ്കിനെയും ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അവാർഡ് പിൻവലിച്ചത്. ഫെബ്രുവരിയിൽ മമത ബാനർജി സർക്കാരണ് അദ്ദേഹത്തിന് ബംഗ ബിഭൂഷൺ നൽകി ആദരിച്ചത് . നാഗേന്ദ്ര റേയെ അവാർഡ് വഹിക്കാൻ അനുവദിക്കുന്നത് ആ ബഹുമതിയുടെ അന്തസ്സിനും പ്രശസ്തിക്കും ഉദ്ദേശ്യത്തിനും വിരുദ്ധമാണെന്ന് സംസ്ഥാന സർക്കാർ ഉത്തരവിൽ പറഞ്ഞു. അവാർഡ് ഉടനടി പിൻവലിക്കുന്നതായും സർക്കാർ അറിയിച്ചു.

