ന്യൂഡൽഹി: ഹൈദരാബാദിലെ നൽസാർ നിയമ സർവകലാശാലയിലെ 2026 ബാച്ചിലെ നിയമ ബിരുദധാരികളുടെ എൻ റോൾമെന്റ് തടയാൻ ഉത്തരവിട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ . ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എൻ റോൾമെന്റ് തടഞ്ഞുവയ്ക്കാനാണ് എല്ലാ സംസ്ഥാന ബാർ കൗൺസിലുകൾക്കും നിർദ്ദേശം നൽകിയത്.
സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ ചീഫ് ജസ്റ്റിസ് പങ്കെടുക്കുന്നതിനെതിരെ സംഘടിത പ്രചാരണം നടന്നതായി ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഈ നീക്കം.ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്രയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സംഘടിത കാമ്പെയ്നുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ലഭ്യമായ റിപ്പോർട്ടുകളും വിവരങ്ങളും കൗൺസിൽ ശ്രദ്ധിച്ചതായി ഉത്തരവിൽ പറയുന്നു.
മൂന്ന് ദിവസത്തിനുള്ളിൽ സർവകലാശാലയിൽ നിന്ന് സാക്ഷ്യപ്പെടുത്തിയ കൃത്യമായ റിപ്പോർട്ട് നൽകണമെന്ന് ബാർ കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വൈസ് ചാൻസലർ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം ഓഗസ്റ്റ് 19 ന് വിഷയം പരിഗണിക്കുമെന്നും ബാർ കൗൺസിൽ അറിയിച്ചു. മാത്രമല്ല ഇത്തരത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിനെതിരെ കാമ്പെയ്ൻ ആരംഭിച്ചവരെ എത്രയും വേഗം കണ്ടെത്താനും ബാർ കൗൺസിൽ സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഏതെങ്കിലും പരിപാടിയിൽ നിന്നോ ബിരുദദാന ചടങ്ങിൽ നിന്നോ വിട്ടുനിൽക്കാനും, പരിപാടി തടസ്സപ്പെടുത്താനും ആഹ്വാനം ചെയ്തവരുടെ വിവരങ്ങളും കൗൺസിൽ തേടിയിട്ടുണ്ട്. ഈ കാമ്പെയ്ൻ ആരംഭിച്ചതിനു പിന്നിൽ ഏതെങ്കിലും വിദ്യാർത്ഥി സംഘടന, സ്റ്റുഡന്റ് ബാർ കൗൺസിൽ, സ്റ്റുഡന്റ്സ് യൂണിയൻ അല്ലെങ്കിൽ മറ്റേതെങ്കിലും അംഗീകൃത വിദ്യാർത്ഥി സംഘടന എന്നിവ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ബാർ കൗൺസിൽ തേടിയിട്ടുണ്ട്.

