വാഷിംഗ്ടൺ : ഹോർമുസ് കടലിടുക്കിന്മേൽ അമേരിക്കയ്ക്ക് പൂർണ്ണ നിയന്ത്രണമായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . അമേരിക്ക ഹോർമുസ് കടലിടുക്കിൽ “ഉരുക്ക് മതിൽ” നിർമ്മിച്ചിട്ടുണ്ടെന്നും ഈ നിലപാട് തുടരുമെന്നുമാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ‘ ഒരുകാലത്ത് മിഡിൽ ഈസ്റ്റിലെ പ്രബല ശക്തിയാകാൻ ആഗ്രഹിച്ചിരുന്ന ഇറാൻ ഇപ്പോൾ പഴയതുപോലെയല്ല. അവിടെ പണപ്പെരുപ്പം 300 ശതമാനത്തിലെത്തി, അവരുടെ സ്ഥിതി ക്രമാനുഗതമായി വഷളായിക്കൊണ്ടിരിക്കുകയാണ്. എല്ലാം വെറും സംസാരം മാത്രമാണ്, നടപടികളൊന്നുമില്ല. ‘ എന്നും ട്രംപ് പറയുന്നു.
അമേരിക്കയുമായുള്ള പുതിയ വെടിനിർത്തൽ കരാർ ഇറാൻ തള്ളിക്കളഞ്ഞതിന് ശേഷമാണ് ട്രംപ് ഈ പരാമർശങ്ങൾ നടത്തിയത്. “ഹോർമുസ് കടലിടുക്കിന്മേൽ അമേരിക്കയ്ക്ക് പൂർണ്ണ നിയന്ത്രണമുണ്ട്. ഞങ്ങൾ അത് നിലനിർത്തും . എല്ലാവരും നമ്മുടെ നാവിക ഉപരോധത്തെ ‘ഉരുക്ക് മതിൽ’ എന്ന് വിളിക്കുന്നു, ഇറാന് അതിനെ ഒന്നും ചെയ്യാൻ കഴിയില്ല.” എന്നാണ് ഡൊണാൾഡ് ട്രംപിന്റെ വാക്കുകൾ.
മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം പരിഹരിക്കാൻ ഇറാനുമായി നയതന്ത്ര ചർച്ചകൾ നടത്തിയതായും ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു.
“അവർക്ക് നാവികസേനയില്ല, വ്യോമസേനയില്ല, അവരുടെ ബാക്കിയുള്ള സൈന്യത്തിന് ശമ്പളം ലഭിക്കുന്നില്ല. ഐആർജിസി തകർച്ചയിലും ഒളിച്ചോട്ടത്തിലുമാണ്, അവരുടെ ‘നേതൃത്വത്തിന്റെ’ അവസ്ഥ അങ്ങേയറ്റം അപകടകരമാണ് .
“അവർക്ക് പണമില്ല; അവരുടെ രാജ്യം തകർന്നിരിക്കുന്നു. അവർക്ക് വ്യാജ വാർത്തകളും 300% പണപ്പെരുപ്പവും മാത്രമേയുള്ളൂ, സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നു! ഇറാൻ സംസാരിക്കുക മാത്രമാണ് ചെയ്യുന്നത് . ഒരു നടപടിയും എടുക്കുന്നില്ല. അത് ഇനി മിഡിൽ ഈസ്റ്റിന്റെ ഭീഷണിയല്ല. ദൈവത്തിന് നന്ദി!” എന്നും ട്രംപ് തന്റെ പോസ്റ്റിൽ കുറിച്ചു.

