ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 132 ആയി. ആയിരത്തോളം പേർക്ക് പരിക്ക് പരിക്കേറ്റു. കൊളംബിയൻ നഗരമായ പെരേരയിലണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചതെന്ന് അധികൃതർ പറഞ്ഞു. ഇവിടെ 60 ഓളം പേർ മരിച്ചു. അഞ്ച് തലസ്ഥാന നഗരങ്ങളിൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഭൂകമ്പത്തിൽ 86 കെട്ടിടങ്ങൾ തകർന്നു. ഏഴ് വിമാനത്താവളങ്ങൾ അടച്ചിട്ടു.
1,577 റെസിഡൻഷ്യൽ കെട്ടിടങ്ങൾ തകർന്നു. 18 ആരോഗ്യ കേന്ദ്രങ്ങളും 52 സ്കൂളുകളും തകർന്നു. സർക്കാർ ഭൂകമ്പത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചതായി കൊളംബിയൻ പ്രസിഡന്റ് അബെലാർഡോ ഡി ലാ എസ്പെരാൻസ പറഞ്ഞു .
രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മരണസംഖ്യ ഉയരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 21-ാം നൂറ്റാണ്ടിൽ കൊളംബിയയിൽ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂകമ്പമാണിതെന്ന് കൊളംബിയയുടെ ജിയോളജിക്കൽ സർവീസ് പറഞ്ഞു.ബൊഗോട്ടയിൽ നിന്ന് 400 കിലോമീറ്റർ അകലെ ചോക്കോ മേഖലയിലെ സാൻ ജോസ് ഡെൽ പാൽമറിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. 107 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേയും കൊളംബിയൻ ഏജൻസികളും അറിയിച്ചു.
റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പ്രാദേശിക സമയം രാവിലെ 7:34 നാണ് അനുഭവപ്പെട്ടത്. തലസ്ഥാനമായ ബൊഗോട്ടയിലും അയൽരാജ്യമായ ഇക്വഡോർ, വെനിസ്വേല, പനാമ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ബൊഗോട്ട, കാലി തുടങ്ങിയ നഗരങ്ങളിലെ ആളുകൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേയ്ക്ക് ഓടി.

