ന്യൂഡൽഹി ; ഇത്തവണത്തെ സ്വാതന്ത്ര്യദിന ചടങ്ങുകളിൽ ചെങ്കോട്ടയിൽ നടക്കുന്ന ആഘോഷങ്ങളിൽ ദേശീയഗാനത്തിനു മുൻപായി ദേശീയഗീതമായ വന്ദേമാതരം ആലപിക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ക്രമീകരണം ഏർപ്പെടുത്തുന്നതെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് പറഞ്ഞു. വന്ദേമാതരം രചിച്ചതിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചാണ് പുതിയ തീരുമാനം.ചെങ്കോട്ടയിൽ നടക്കുന്ന ആഘോഷങ്ങളിൽ ദേശീയഗാനത്തിനു മുൻപായി ദേശീയഗീതമായ വന്ദേമാതരം ആലപിക്കും
പരമ്പരാഗതമായി, പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷമാണ് ദേശീയഗാനം ആലപിക്കുന്നത്. എന്നാൽ ഈ വർഷം, പ്രധാനമന്ത്രി വേദിയിലെത്തിയതിന് തൊട്ടുപിന്നാലെ വന്ദേമാതരം ആലപിക്കും. തുടർന്ന് ദേശീയ പതാക ഉയർത്തും, തുടർന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം നടക്കും. അതിനു ശേഷം ദേശീയഗാനം ആലപിക്കും. ദേശീയഗാനത്തിന്റെ നിയമപരമായ പദവി നൽകുന്ന ബിൽ പാർലമെന്റ് പാസാക്കിയതിനെത്തുടർന്നാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഉൾപ്പെടുത്തിയിരിക്കുന്നത്.
ഓഗസ്റ്റ് 8 മുതൽ 15 വരെ, രാജ്യത്തുടനീളമുള്ള 343 പ്രധാന കേന്ദ്രങ്ങളിൽ സൈനിക ബാൻഡുകൾ വന്ദേമാതരം അവതരിപ്പിക്കും. യുവശക്തിയെ ആദരിച്ചു ‘യുവ ശക്തി ഫോർ വിക്ഷിത് @ഭാരത് 2047’ എന്ന വിഷയത്തിന്റെ ഭാഗമായി, അന്താരാഷ്ട്ര ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിതശാസ്ത്ര ഒളിമ്പ്യാഡുകളിൽ മെഡലുകൾ നേടിയ 19 വിദ്യാർത്ഥികളെ അനുമോദിക്കും. കർഷകർ, കരകൗശല വിദഗ്ധർ, ശുചിത്വ തൊഴിലാളികൾ, വനിതാ സംരംഭകർ, ശാസ്ത്രജ്ഞർ, യുവ നവീനർ, സ്റ്റാർട്ടപ്പ് പ്രതിനിധികൾ, വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ച മൈ ഭാരത് വളണ്ടിയർമാരുൾപ്പെടെ 5,000 പ്രത്യേക അതിഥികളും ചടങ്ങിൽ പങ്കെടുക്കും.

