ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ ആരോഗ്യനില ഗുരുതരമാണെന്ന റിപ്പോർട്ടുകൾക്കിടെ, ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഖമേനിയുടെ വീഡിയോ പുറത്തിറക്കി.
ഖമേനി ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതിന്റെ വീഡിയോയാണ് അർദ്ധ-ഔദ്യോഗിക മാധ്യമമായ മെഹർ ന്യൂസ് പുറത്തുവിട്ടത് . മെഹർ ന്യൂസ് പുറത്തുവിട്ട വീഡിയോ ഏത് ദിവസമാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. പക്ഷേ വീഡിയോയിൽ മോജ്തബ ഖമേനി ആരോഗ്യവാനായാണ് കാണിക്കുന്നത്.
ഇറാനിയൻ സർക്കാരിന്റെ ഇസ്ലാമിക് ഡെവലപ്മെന്റ് ഓർഗനൈസേഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന, ഇറാൻ സർക്കാർ പിന്തുണയുള്ള മെഹർ ന്യൂസാണ് ഈ ദൃശ്യങ്ങൾ ആദ്യം സംപ്രേഷണം ചെയ്തത്. അടുത്തിടെ, മൊജ്തബ ഖമേനിയുടെ ആരോഗ്യനിലയെക്കുറിച്ച് ഗുരുതരമായ റിപ്പോർട്ടുകൾ ഇസ്രായേലി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹം “അങ്ങേയറ്റം ഗുരുതരാവസ്ഥയിലാണെന്നും” ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പറഞ്ഞിരുന്നു.
ഖമേനിയുടെ ആരോഗ്യത്തെക്കുറിച്ച് ഇറാൻ നേതൃത്വം ആശങ്കാകുലരാണെന്ന് ഇസ്രായേലിന്റെ ചാനൽ 14 റിപ്പോർട്ട് ചെയ്തു. ഇറാൻവയറുമായും ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയന്റെ ഭരണകൂടവുമായും അടുത്ത സ്രോതസ്സുകളെ ഉദ്ധരിച്ച് ഖമേനിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള സംശയങ്ങൾ വർദ്ധിച്ചുവരികയാണെന്ന് ജറുസലേം പോസ്റ്റും റിപ്പോർട്ട് ചെയ്തിരുന്നു.
പിതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തെത്തുടർന്നാണ് മൊജ്തബ ഖമേനി ഇറാന്റെ പരമോന്നത നേതാവായി ചുമതലയേറ്റത്. എന്നാൽ അധികാരമേറ്റതിനുശേഷം, മോജ്തബ ഖമേനി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. പൊതുജനങ്ങളോട് നേരിട്ട് സംസാരിക്കുന്നതിനുപകരം, അദ്ദേഹം രേഖാമൂലമുള്ള പ്രസ്താവനകളാണ് പുറത്ത് വിടുന്നത്. . ഇത് അദ്ദേഹത്തിന്റെ ആരോഗ്യം, സുരക്ഷ, അദ്ദേഹം എവിടെയാണ് എന്നതിനെക്കുറിച്ചുള്ള നിരന്തരമായ ചോദ്യങ്ങൾക്ക് കാരണമായി.
അലി ഖമേനിയുടെ വസതിക്ക് നേരെയുണ്ടായ ആദ്യ ആക്രമണത്തിൽ മൊജ്തബ ഖമേനിക്ക് പരിക്കേറ്റതായി മുമ്പ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മുഖത്തോ ശരീരത്തിലോ ഗുരുതരമായ പരിക്കുകൾ സംഭവിച്ചിരിക്കാമെന്നും കിംവദന്തികൾ ഉണ്ടായിരുന്നു, അതുകൊണ്ടാണ് അദ്ദേഹം പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് ഒഴിവാക്കി ഒളിവിൽ കഴിയുന്നതെന്നും വാർത്തകൾ വന്നിരുന്നു.
പരമോന്നത നേതാവുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പജ്വോക്ക് നേരത്തെ പറഞ്ഞിരുന്നു. മൊജ്തബ ഖമേനി എവിടെയാണെന്ന് വിദേശ മാധ്യമങ്ങളിലും നിരവധി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ജൂലൈയിൽ, സൗദി അറേബ്യയുടെ അൽ-ഹദത്ത് മാധ്യമം, ഇസ്രായേലി സുരക്ഷാ സ്രോതസ്സിനെ ഉദ്ധരിച്ച്, ഖമേനി ഇറാനിൽ ഇല്ലെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. യുഎസ് സൈനിക നടപടിയിൽ ഇറാന്റെ ഉന്നത സൈനിക നേതൃത്വം നശിപ്പിക്കപ്പെട്ടുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞു.
എന്നാൽ ഖമേനിയുടെ ആരോഗ്യത്തെക്കുറിച്ച് പ്രചരിക്കുന്ന ഗുരുതരമായ റിപ്പോർട്ടുകൾ ഇറാനിയൻ സർക്കാർ ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞിരുന്നു. അദ്ദേഹം തീരുമാനങ്ങൾ എടുക്കാറുണ്ടെന്നും, രാജ്യത്തിന് പ്രവർത്തനപരമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ടെന്നുമാണ് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥർ പറയുന്നത്.

