ന്യൂഡൽഹി : ജാർഖണ്ഡിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധത്തിൽ ഓഗസ്റ്റ് 13-നകം ഒരു തീരുമാനവും എടുത്തില്ലെങ്കിൽ, വിദ്യാർത്ഥികളുടെ പ്രതിഷേധത്തിൽ പങ്കുചേരുമെന്നും നിരാഹാര സമരം നടത്തുമെന്നും ബിജെപി എംപി നിഷികാന്ത് ദുബെ. ചോദ്യപേപ്പർ ചോർച്ചയും നിയമന പരീക്ഷകളിലെ ക്രമക്കേടുകളും സംബന്ധിച്ച് ജാർഖണ്ഡ് സർക്കാരിന് നേരത്തെ നിഷികാന്ത് ദുബെ മുന്നറിയിപ്പ് നൽകിയിരുന്നു.
“ഓഗസ്റ്റ് 13-നകം, അതായത്, പാർലമെന്റ് സമ്മേളനം നടക്കുന്നതിനിടയിൽ, ഒരു തീരുമാനവും എടുത്തില്ലെങ്കിൽ, ഞാൻ എന്റെ പാർട്ടിയുടെ അനുമതി തേടുകയും വിദ്യാർത്ഥികളുടെ പ്രതിഷേധത്തിൽ പങ്കുചേരുകയും നിരാഹാര സമരം നടത്തുകയും ചെയ്യും” നിഷികാന്ത് ദുബെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ വിദ്യാർത്ഥികളുടെ ഭാവി എത്രകാലം ഇത്തരത്തിൽ മുന്നോട്ട് പോകുമെന്നും അദ്ദേഹം ചോദിച്ചു.
ജെപിഎസ്സി, ജെഎസ്എസ്സി പരീക്ഷകളിലെ തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചയിൽ നിന്ന് വിദ്യാർത്ഥികൾക്ക് എപ്പോഴാണ് രക്ഷ ലഭിക്കുക, കോൺഗ്രസ് പിന്തുണയുള്ള ഹേമന്ത് സോറൻ സർക്കാർ വിദ്യാർത്ഥികളുടെ ശബ്ദം എപ്പോഴാണ് കേൾക്കുക? എന്നും നിഷികാന്ത് ദുബെ ചോദിച്ചു.
റാഞ്ചിയിലെ ജയ്പാൽ സിംഗ് മുണ്ട സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടയിലാണ് നിഷികാന്ത് ദുബെയുടെ പ്രസ്താവന. വിവിധ റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ വിദ്യാർത്ഥികൾ വളരെ ദിവസമായ്ഹി പ്രതിഷേധത്തിലാണ്.
സിബിഐ അന്വേഷണം, പരീക്ഷകൾ റദ്ദാക്കൽ, നിയമന പ്രക്രിയയിൽ സുതാര്യത കൊണ്ടുവരുന്നതിനുള്ള വ്യവസ്ഥാപരമായ പരിഷ്കാരങ്ങൾ എന്നിവയാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത് . അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സഭയെ അഭിസംബോധന ചെയ്യാൻ കഴിയുന്ന തരത്തിൽ പാർലമെന്റിന്റെ ഇരുസഭകളും പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ് പ്രതിപക്ഷത്തോട് അഭ്യർത്ഥിച്ചു .

