ഇസ്ലാമാബാദ് : കഴിഞ്ഞ നാല് വർഷത്തിനിടെ അജ്ഞാതർ ഇല്ലാതാക്കിയത് 30 ഓളം ലഷ്കർ-ഇ-ത്വയ്ബ ഭീകരരെയാണെന്ന് വെളിപ്പെടുത്തി മുതിർന്ന ലഷ്കർ കമാൻഡർ റിസ്വാൻ ഹനീഫ് . കഴിഞ്ഞ മൂന്ന് നാല് വർഷത്തിനിടെ പാകിസ്ഥാൻ, പാക് അധിനിവേശ കാശ്മീർ (പിഒകെ) എന്നിവിടങ്ങളിലാണ് 30 ലധികം ലഷ്കർ ഭീകരർ കൊല്ലപ്പെട്ടത് . ഇന്ത്യയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന “അജ്ഞാതരായ തോക്കുധാരികളാണ്” ഈ കൊലപാതകങ്ങൾ നടത്തിയതെന്നും ഹനീഫ് ആരോപിച്ചു.
റിസ്വാൻ ഹനീഫിന്റെ ഈ തുറന്ന് പറച്ചിൽ ഏറെ ചർച്ചയായി കഴിഞ്ഞു . പാക് അധിനിവേശ കശ്മീരിൽ ലഷ്കറിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഹനീഫാണ്. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം, റിക്രൂട്ട്മെന്റ്, ലോജിസ്റ്റിക്സ്, പീപ്പിൾസ് ആന്റി-ഫാസിസ്റ്റ് ഫ്രണ്ട് പോലുള്ള പ്രോക്സി സംഘടനകളുമായുള്ള ഏകോപനം എന്നിവയിലും ഹനീഫ് പങ്കാളിയാണ്.
പെഷവാർ, കറാച്ചി, റാവൽപിണ്ടി, റാവലകോട്ട്, മുസാഫറാബാദ് എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി 30 ലധികം ലഷ്കർ ഭീകരരെ അജ്ഞാതർ ഇല്ലാതാക്കിയതായി ഹനീഫ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. ഈ അജ്ഞാതർ ഇന്ത്യൻ ഇന്റലിജൻസുമായി ബന്ധമുള്ളവരാണെന്ന് ഹനീഫ് പറയുന്നുണ്ടെങ്കിലും ഇതിനെ സാധൂകരിക്കാൻ ഒരു തെളിവും ഹനീഫ് നൽകിയില്ല.
ബലൂചിസ്ഥാനിൽ വിമതരുടെ അക്രമം, പാക് അധീന കശ്മീരിൽ വ്യാപകമായ പ്രതിഷേധങ്ങൾ, രാഷ്ട്രീയ അശാന്തി, അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ആവർത്തിച്ചുള്ള ഏറ്റുമുട്ടലുകൾ തുടങ്ങി പാകിസ്ഥാൻ ഒന്നിലധികം ആഭ്യന്തര സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനിടെയാണ് ഹനീഫിന്റെ പ്രസ്താവന.

